എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും ഏഴ് ദേശീയ പുരസ്‌കാര ജേതാക്കളുടെ സംഗമം നടന്ന സിനിമയാണെന്ന് നടി സുരഭി ലക്ഷ്മി. എംടി സാര്‍, ലാല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നത് ആഗ്രഹമായിരുന്നു. ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി പറയുന്നു. കുറി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.
സുരഭി പറഞ്ഞത്
ഓളവും തീരവും എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണരുത് എന്ന് അവര്‍ പറയുകയും ചെയ്തു. ഓളവും തീരവും നെറ്റ്ഫ്‌ലിക്‌സിന്റെ 11 സിനിമകളില്‍ പെടുന്ന ഒരു സിനിമയാണ്. ആ ആന്തോളജിയില്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്ന ഒരേ ഒരു അഭിനേതാവ് ഞാനാണ്. എനിക്ക് ആണ് ആ ഒരു ഭാഗ്യം കിട്ടിയിട്ടുള്ളത്. എംടി സാര്‍, പ്രിയദര്‍ശന്‍ സാര്‍, ലാല്‍ സാര്‍, സന്തോഷ് ശിവന്‍ സാര്‍, സാബു സിറില്‍ സാര്‍ അങ്ങനെ ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ സംഗമിക്കുന്ന ഒരു സിനിമ കൂടിയാണ് ഓളവും തീരവും.
ഈ ഒരു കാലഘട്ടത്തിലെ നടി എന്ന നിലയ്ക്ക് എംടി സാറിന്റെ സ്‌ക്രിപ്പ്റ്റില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലായിരുന്നു. അതുപോലെ പ്രിയന്‍ സാറിന്റെയും ലാല്‍ സാറിന്റെയും സിനിമകള്‍ വരുമ്പോള്‍ അവസരം കിട്ടുമോ എന്നുള്ളത് അറിയില്ല. അതൊക്കെ നമ്മുടെ ഉള്ളിലുള്ള ആഗ്രഹമാണ്. അവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യണം എന്നുള്ളത്. അപ്പോള്‍ എന്റെ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയത്.
ഞാന്‍ ബീബാത്തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എന്റെ ഒരു പ്രായം വെച്ച് കുറച്ച് ചലഞ്ചിംഗായാണ് എനിക്ക് ആ കഥാപാത്രം തോന്നിയത്. അത് ചെയ്യാന്‍ പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. നല്ലതായി വരുമെന്ന് വിചാരിക്കുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത് എന്നുള്ളതാണ്.
എം. ടി വാസുദേവന്‍ നായരുടെ ഓളവും തീരവും എന്ന ചെറുകഥയാണ് സിനിമയാക്കുന്നത്. 1960ല്‍ എം. ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ചിത്രം പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ മധുവിന്റെ ബാപ്പൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ദുര്‍ഗ കൃഷ്ണയാണ് നായികയാവുന്നത്. ഹരീഷ് പേരടിയാണ് കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.