കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം സൗബിന്‍ ഷാഹിര്‍ എന്ന നടന്റെ മികച്ച റോളുകളിലൊന്നാണ്. കുമ്പളങ്ങിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷൂട്ടിംഗ് ലൊക്കേഷനിലെ കളിതമാശകളില്‍ നിന്ന് വിട്ടുനില്‍ക്കുമായിരുന്നുവെന്ന് സൗബിന്‍ ഷാഹിര്‍. സെറ്റില്‍ മറ്റുള്ളവര്‍ എന്തെങ്കിലും കോമഡി പറയുമ്പോള്‍ നീ അത് കേള്‍ക്കണ്ട മാറി നിന്നോ എന്ന് സംവിധായകന്‍ മധു സി നാരായണനും ശ്യാം പുഷ്‌കരനും പറയുമായിരുന്നു. ദ ക്യു ഷോ ടൈമിലാണ് സൗബിന്‍ ഷാഹിര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ പറവയിലെ ഹസീബിനെ പോലെയാണ്. ഹസീബ് ആക്ട് ചെയ്യുമ്പോള്‍ ഒരു പ്രാവശ്യം പറയുന്ന അതേ രീതിയില്‍ പിന്നീട് വരാന്‍ ബുദ്ധിമുട്ടാണ്. എന്റെ കാര്യത്തിലും അങ്ങനെയാണ്. മച്ചാനേ മറ്റേ മൂഡ് വിടല്ലേ ട്ടോ എന്ന് സെറ്റില്‍ എന്നോട് പറയുമായിരുന്നു. സജി ആകാന്‍ നേരം ടേക്കിന് മുമ്പ് ഒരു സൈലന്‍സിലേക്ക് പോകുമായിരുന്നു. കുമ്പളങ്ങിയിലെ സജിയുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളുമൊക്കെ ഉള്ളില്‍ നില്‍ക്കുന്ന രീതിയില്‍ മധു സി നാരായണനും ശ്യാമും വിവരിച്ച് തരുമായിരുന്നുവെന്നും സൗബിന്‍ ഷാഹിര്‍.
റിയല്‍ ലൈഫില്‍ സങ്കടം വന്നാല്‍ ഇമോഷണല്‍ ആവുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന ആളാണ്. വികൃതിക്ക് പിന്നാലെ സുരാജ് വെഞ്ഞാറമ്മൂട്-സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വിജയമായിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് സംവിധാനം.