കൂടെയുള്ളവര്‍ പറയുമ്പോഴാണ് തന്നെ ആളുകള്‍ ചാണകമെന്ന് വിളിക്കുന്ന കാര്യം അറിഞ്ഞതെന്നും നടി നവ്യ നായര്‍. അതൊന്നും ഒരിക്കലും ബാധിക്കില്ല. അവസാനം വരെ ആരും വിളിക്കാന്‍ പോകുന്ന ഒന്നല്ല. മറ്റെല്ലാവര്‍ക്കുമുള്ള പോലെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളോട് നിഷ്പക്ഷമായ അഭിപ്രായങ്ങളേ തനിക്കുമുള്ളൂ. അതൊന്നും ഒരു പാര്‍ട്ടി അടിസ്ഥാനനത്തിലല്ല കണക്കാക്കുന്നതെന്നും നവ്യ നായര്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നവ്യ നായര്‍ പറഞ്ഞത്
പ്രധാനമന്ത്രിയുടെ മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ചെയ്തു അത്രേയുള്ളു. അല്ലാതെ എന്നാണ് എനിക്ക് ഒരു പ്രധാനമന്ത്രിയുടെ മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുക. അത്രയേ ആലോചിച്ചിട്ടുള്ളൂ. ഞാന്‍ കലാകാരിയാണ്, ഒന്നിന്റെയും വക്താവല്ല. ഞാനൊരു പാര്‍ട്ടിയുടെയും മെമ്പറല്ല ഒന്നിലും അംഗത്വവുമില്ല. എനിക്ക് രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിക്കൂടായെന്നില്ല. ചിലപ്പോള്‍ അതിന് അതീതമായി വ്യക്തിബന്ധങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ വ്യക്തികളോട് ഉഷ്ടമുള്ളതുകൊണ്ട് പ്രസ്ഥാനത്തോട് താത്പര്യം വരാം. ഇതൊക്കെ മാറിയെന്നും വരാം. ഇതിനുള്ള സ്വാതന്ത്ര്യം ഇവിടെ ഓരോ വ്യക്തിക്കുമുണ്ട് കാരണം നമ്മളുടേത് ഒരു ജനാധിപത്യ രാജ്യമാണ്. പക്ഷേ ഒരു കലാകാരിയെന്ന രീതിയില്‍ ഞാന്‍ ഇതൊന്നും കൊണ്ടുനടക്കുന്നില്ല, ഞാന്‍ ഒരു പാര്‍ട്ടി മെമ്പറല്ല, ഒന്നിലും അംഗത്വമുള്ള വ്യക്തിയല്ല. ഞാന്‍ കലാകാരി മാത്രമാണ്.
അനീഷ് ഉപസന സംവിധാനം ചെയ്ത 'ജാനകി ജാനേ' ആണ് നവ്യ നായരുടേതായി പുതുതായി പുറത്തിറങ്ങിയ ചിത്രം. സൈജു കുറുപ്പ്, ജോണി ആന്റണി , ഷറഫുദ്ധീന്‍ , കോട്ടയം നസിര്‍ , അനാര്‍ക്കലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരി ജാനകിയായാണ് നവ്യ നായര്‍ ചിത്രത്തില്‍ എത്തുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. തുടര്‍ന്ന് '.പി.ഡബ്‌ള്യൂ ഡി, സബ് കോണ്‍ട്രാക്‌റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നതോടെ, വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'ജാനകി ജാനേ' എന്ന ചിത്രം.