Film Talks

#മീടൂ : 'താരമാക്കാന്‍ മാത്രമല്ല വഴങ്ങിയില്ലെങ്കില്‍ ഇല്ലാതാക്കാനും പറ്റും'; വൈരമുത്തു ഭീഷണിപ്പെടുത്തിയെന്ന് ഗായിക

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാരോപണം. ഒപ്പം പ്രവര്‍ച്ചിരുന്ന സമയത്ത് വൈരമുത്തു തന്നെ ലൈംഗിക ബന്ധത്തിനായി നിരന്തരം ശല്യപ്പെടുത്തിയെന്നും വിസമ്മതിച്ചപ്പോള്‍ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗായിക ഭുവന പറഞ്ഞു. അതിന് ശേഷം തനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമായി. അതോടെ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിച്ചു. ഈ കാര്യം പുറത്തുപറഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും തമിഴ് സിനിമാലോകം നിശബ്ദമായിരുന്നുവെന്നും ഭുവന 'ദ ന്യൂസ് മിനിറ്റി'നോട് പറഞ്ഞു.

പ്രശസ്തരായ എഴുത്തുകാര്‍ക്ക് വീട് നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയില്‍ വൈരമുത്തുവിനെ ഉള്‍പ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗായിക ആരോപണവുമായി രംഗത്തെത്തിയത്. മുന്‍പ് ഗായിക ചിന്മയി വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചിന്മയി നല്‍കിയ പരാതി കോടതിയില്‍ 5 വര്‍ഷമായി തുടരുകയാണ്. വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചിന്മയി തമിഴ് സിനിമ സംഗീത ലോകത്ത് നിന്ന് വിലക്ക് നേരിടുകയും ചെയ്തിരുന്നു.

1998 ലാണ് വൈരമുത്തുവില്‍ നിന്നും തനിക്ക് ലൈംഗികാതിക്രമണം നേരിടേണ്ടി വന്നതെന്ന് ഭുവന പറയുന്നു. ഒരു ടെക്സ്റ്റൈല്‍ ഷോറൂമിനായി താനൊരു ജിംഗിള്‍ പാടിയിരുന്നു. അതിന്റെ വരികള്‍ വൈരമുത്തുവിന്റേതായിരുന്നു. തന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിന്റെ സിഡി എ ആര്‍ റഹ്‌മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഒരു അവാര്‍ഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാന്‍ വൈരമുത്തു ആവശ്യപ്പെട്ടു. ഗായികയായിട്ടാണോ അവതാരികയായിട്ടാണോ വരേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയല്ല കൂടെ വരാനാണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞു, അപ്പോഴാണ് വൈരമുത്തുവിന്റെ ഉദ്ദേശ്യം മനസിലായതെന്നും അതിന് താത്പര്യമില്ലെന്നും അത്തരം കാര്യങ്ങള്‍ സംസാരിക്കാനില്ലെന്ന് പറഞ്ഞതെന്നും ഭുവന പറഞ്ഞു.

തുടര്‍ന്ന് ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു ഭീഷണിപ്പെടുത്തി. അയാള്‍ക്ക് ആ അധികാരം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഞാന്‍ എങ്ങനെ താരമാകണമെന്ന് തീരുമാനിക്കേണ്ടത് ഞാനായിരുന്നു. എനിക്ക് വന്നിരുന്ന ചെറിയ വര്‍ക്കുകളില്‍ നിന്ന് പിന്നെ എന്നെ മാറ്റി, ഒന്നിന് പുറകെ ഒന്നായി അത് സംഭവിച്ചപ്പോള്‍ ആ പാറ്റേര്‍ണ്‍ എനിക്ക് മനസിലായി. അത് എന്നെ തന്നെ ഇല്ലാതാക്കുന്നതായിരുന്നു. എന്റെ സ്വപ്‌നങ്ങളായിരുന്നു തകര്‍ന്നത് . പക്ഷേ അത് എന്റെ തീരുമാനമാണ്, അത് മറ്റൊരാള്‍ക്കും സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഭുവന

ചിന്മയിയുടെ ധൈര്യം അതിശയകരമാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഇതുമൂലം കഷ്ടപ്പെടുന്നുണ്ട്. എന്നാലും ഒരു അന്വേഷണവും നടക്കാന്‍ പോകുന്നില്ല, അതിന് നമ്മുടെ സംവിധാനം അനുവദിക്കില്ല. സിനിമയില്‍ നിന്ന് ചിന്മയിയെ വിലക്കിയത് ശരിയായ ആശയവിനിമയം നടത്താതെയാണെന്നും ഭുവന കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ് സിനിമാലോകം നിശബ്ദമായിരുന്നുവെന്നും വൈരമുത്തുവിന് ഓ.എന്‍.വി അവാര്‍ഡ് ലഭിച്ചപ്പോള്‍ മലയാള സിനിമയിലെ സ്ത്രീകളാണ് തങ്ങളെ തേടിയെത്തിയതെന്നും ഭുവന പറഞ്ഞു. വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ സംസാരിച്ചു. നാല് പേര്‍ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുള്ളവര്‍ അജ്ഞാതരായി തുടരുന്നുവെന്നും ഭുവന പറഞ്ഞു. യുവഗായകരുടെ സ്വപ്നങ്ങള്‍ തകരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ടാണ് തന്റെ കഥ പങ്കുവയ്ക്കുന്നതെന്ന് ഭുവന പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT