ഒറ്റക്കൊമ്പന് പൂര്‍ണമായും ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രമാണെന്നും യഥാര്‍ത്ഥ വ്യക്തികളുമായി ഒരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ഷിബിന്‍ ഫ്രാന്‍സിസ്. യഥാര്‍ത്ഥ വ്യക്തികളുമായി ബന്ധമുള്ള സിനിമയാണെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. കോടതിയിലും ഇക്കാര്യമാണ് വ്യക്തമാക്കിയത്. കടുവാ ടീമിന്റെ കഥയും തിരക്കഥയും മോഷ്ടിച്ചതാണെന്ന ആരോപണമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ഷിബിന്‍ ഫ്രാന്‍സിസ്.
തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു. സുരേഷ് ഗോപിയും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും തങ്ങള്‍ക്കൊപ്പം അടിയുറച്ച് നിന്നതായും ഷിബിന്‍ ഫ്രാന്‍സിസ് സിനിമാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കടുവയും ഒറ്റക്കൊമ്പനും രണ്ട് കഥയും കഥാപാത്രങ്ങളുമാണെന്ന് സുരേഷ് ഗോപി പറഞ്ഞതാണ് ശരി. മാസ് ഓഡിയന്‍സിനെ മുന്നില്‍ കണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പനെന്നും ഷിബിന്‍ ഫ്രാന്‍സിസ്. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍വേള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ഷിബിന്‍ രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യൂസാണ് സംവിധാനം.
ഷിബിന്‍ ഫ്രാന്‍സിസും മാത്യൂസും എന്നോട് പറഞ്ഞ തിരക്കഥ ഇഷ്ടപ്പെട്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അവര്‍ രണ്ട് പേരും മലയാള സിനിമയില്‍ പ്രധാനപ്പെട്ടവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ളവരാണ്. കടുവയുമായി ഒറ്റക്കൊമ്പന് ഒരു തരത്തിലുള്ള സാമ്യവുമില്ല. അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുളകുപ്പാടം ഫിലിംസ് മുമ്പ് ചെയ്തിട്ടുള്ള സിനിമകളും അങ്ങനെയാണല്ലോ. നേരത്തെ തീരുമാനിച്ച തിരക്കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും തന്നെയാണ് ഒറ്റക്കൊമ്പനിലേത്. ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്.ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.ടോമിച്ചന്‍ മുളകുപ്പാടം
സുരേഷ് ഗോപിയുടെ സമീപകാലത്തെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു 'ഒറ്റക്കൊമ്പന്‍' എന്ന സിനിമ. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രവുമാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്.
ottakomban script writer shibin francis interview