ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഇടപെടുന്നു. കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും, ഫിലിം ചേംബര്‍ കേരളാ ഘടകവും വിതരണക്കാരുടെ സംഘടനായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പ്രശ്‌ന പരിഹാരത്തിന് സമീപിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ സിനിമാ സംഘടനകളുടെ മേല്‍ഘടകമായ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അടിയന്തര ഇടപെടല്‍ നടത്തുന്നത്. കേരളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ധരിപ്പിച്ചെന്നും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സെക്രട്ടറി ജനറലുമായ രവി കൊട്ടാരക്കര ദ ക്യുവിനോട് പറഞ്ഞു. ഷെയിന്‍ നിഗത്തെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളോ വിതരണക്കാരോ കത്ത് നല്‍കിയിട്ടില്ലെന്ന് രവി കൊട്ടാരക്കര.
ഷെയിന്‍ നിഗത്തെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ ഫിലിം ചേംബര്‍ കത്ത് നല്‍കിയിരുന്നോ?
സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനെക്കുറിച്ചും ഈ പ്രശ്‌നത്തില്‍ ഇതുവരെയുള്ള കാര്യങ്ങളും കേരളത്തിലെ നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കേരളാ ഫിലിം ചേംബറും ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ ഒരു പരാതി നല്‍കുമെന്നാണ് പറഞ്ഞ്. ഫിലിം ചേംബറിന്റെ ഭാഗത്ത് നിന്ന് ഷൂട്ടിംഗ് മുടങ്ങിയത് കാട്ടി ഇന്ന് പരാതി ലഭിക്കുമെന്നാണ് കരുതുന്നത്.
ദക്ഷിണേന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്ന ട്രേഡ് ബോഡിയാണ് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ കത്ത് കിട്ടിയാല്‍ എന്താണ് സംഘടനയുടെ തുടര്‍നടപടി
ഷോക്കിംഗ് ആയ കാര്യങ്ങളാണ് കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ ഉണ്ടായത്. സിനിമാ മേഖലയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഫിലിം ചേംബര്‍. ഒന്നോ രണ്ടോ സിനിമകള്‍ മുടങ്ങുന്നതും ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുന്നതും കേരളത്തിലെ പോലൊരു ചലച്ചിത്രമേഖലയെ നന്നായി ബാധിക്കും. നായകനായി അഭിനയിക്കുന്ന നടന്‍ മുടിയും താടിയും വെട്ടിയതിന്റെ പേരില്‍ സിനിമാ ചിത്രീകരണം നിലച്ചുവെന്നാണ് അവര്‍ പറയുന്നത്. പ്രശ്‌ന പരിഹാരമാണ് ഉണ്ടാകേണ്ടത്. ധൃതിയില്‍ ഒരു നടപടിയിലേക്കും പോകരുതെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളോട് ഞങ്ങള്‍ പറയാറുള്ളത്. സിനിമ നടക്കണം.
സംഘടനകളുമായി ചര്‍ച്ച നടത്തുകയാണോ, ഷെയിന്‍ നിഗവുമായി ചര്‍ച്ച നടത്തുകയാണോ ചേംബറിന് മുന്നിലുള്ളത്?
ഞാന്‍ പറഞ്ഞല്ലോ, ഈ സിനിമകളെല്ലാം മുടങ്ങിയ സാഹചര്യം ഷോക്കിംഗ് ആണ്. അതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് പരിശോധിക്കും. ഞങ്ങള്‍ അടിയന്തരമായി ഇക്കാര്യം യോഗം ചേരുന്നുണ്ട്. കേരളത്തിലെ ഫിലിം ചേംബറുമായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും വിതരണക്കാരുടെ സംഘടനയുമായും ചര്‍ച്ച ചെയ്യും. ഞങ്ങള്‍ക്ക് ഷെയിന്‍ നിഗത്തെ നേരിട്ട് ചര്‍ച്ച വിളിക്കാനാകില്ല, അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന താരസംഘടനയോട് ഇക്കാര്യത്തില്‍ സംസാരിക്കും. നിര്‍മ്മാതാക്കള്‍ക്ക് പുറമേ ഡിസ്ട്രിബ്യൂട്ടേഴ്‌സും ഫിലിം എക്‌സിബിറ്റേഴ്‌സും ഫെഫ്കയുമെല്ലാം സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ ഭാഗമായുള്ള സംഘടനകളാണ്.
കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാനല്ല സുഗമമായ പരിഹാരത്തിനാണ് സംഘടന ശ്രമിക്കുകയെന്നും രവി കൊട്ടാരക്കര ദ ക്യുവിനോട് പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം