കണ്ണൂർ സ്ക്വാഡിന്റെ കഥ പറഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മമ്മൂട്ടിയുടെ ഓഫീസിൽ നിന്നും ഈ സിനിമ നിർമിക്കാൻ പോകുന്നത് മമ്മൂട്ടി കമ്പനിയാണ് എന്ന് വിളിച്ചു പറയുന്നത് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ മുഹമ്മദ് ഷാഫി. കഥ കേൾക്കുമ്പോൾ മമ്മൂട്ടി സാർ ചോദ്യങ്ങൾ ചോദിക്കുമെന്നും അതിന് കൃത്യമായ ഉത്തരം കൊടുക്കണമെന്നും ഞങ്ങൾക്ക് പ്ലാൻ ഉണ്ടായിരുന്നു എന്നും കണ്ണൂർ സ്ക്വാഡിന്റെ കഥ പറഞ്ഞ് തുടങ്ങിയ പതിനഞ്ചാമത്തെ മിനുട്ടിൽ അദ്ദേഹം ചോദ്യം ചോദിച്ചു എന്നും ഷാഫി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകൻ റോബി വർഗീസ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ സ്ക്വാഡിന്റെ കഥ പറയാനെത്തുമ്പോൾ മമ്മൂട്ടി സാർ ഭീഷ്മയുടെ ലുക്കിലായിരുന്നു എന്നും കഥയുടെ ഫസ്റ്റ് ഹാഫ് കേട്ടപ്പോൾ തന്നെ സാർ കഥയിൽ ഇൻ ആയതായി തോന്നിയെന്നും ഷാഫി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഷാഫി പറഞ്ഞത്:
സാറ് കഥ കേട്ടിരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കും. വ്യക്തമായ ഉത്തരങ്ങൾ നമുക്ക് വേണം. അങ്ങനെ ഒരു പോയിന്റ് മനസ്സിൽ ഉണ്ടായിരുന്നു, പിന്നെ സ്ക്രിപ്റ്റിൽ ഈ ഭാഗം അയാൾ പറയും, അടുത്ത ഭാഗം ഇയാൾ പറയും എന്ന് ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു. അങ്ങനെ സാറിന്റെ അടുത്ത് പോയി. സാർ അന്ന് ഭീഷ്മയുടെ ലുക്കിലാണ്. അപ്പോൾ നിലവിൽ സാർ വന്നു നിന്നാൽ തന്നെ മാസ്സാണ്. എനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു സാറിനെ കാണുമ്പോൾ എന്റെ കിളി പോകും എന്ന്, അന്ന് ഭീഷ്മയുടെ ലുക്ക് ഒന്നും അങ്ങനെ പുറത്തു വന്നിട്ടില്ല, സാർ ആ ലുക്കിൽ ജുബ്ബയൊക്കെ ഇട്ട് വന്നിരുന്നു, സാറിന്റെ ഗ്രാന്റായിട്ടുള്ള ഒരു ഇരുത്തം ഉണ്ട്. അപ്പോ തന്നെ റോണി ചേട്ടൻ ഒരു ഇൻട്രോ പറഞ്ഞിരുന്നു സാറിന്റെ അടുത്ത്. അപ്പോ തന്നെ സാർ ഇവരെപ്പറ്റി ഗൂഗിളിൽ ഒക്കെ നോക്കി, സാറിന് പരിപാടി ഏകദേശം മനസ്സിലായി. ഇതാണ് സ്ക്വാഡ് എന്നുള്ളത്. പിന്നെ കഥ ഞാൻ പറഞ്ഞു തുടങ്ങി, ഒരു പത്ത് പതിനഞ്ച് മിനിട്ട് ഒക്കെ ആയപ്പോൾ തന്നെ സാറ് പെട്ടന്ന് സ്റ്റോപ്പിട്ടു, സാർ നമ്മളോട് ചോദ്യം ചോദിക്കുകയാണ്. ഞാൻ അത് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു, എപ്പോഴാണ് ഇത് വരുന്നത് എന്ന്. ഭാഗ്യം കൊണ്ട് കൃത്യമായി ഉത്തരം പറയാൻ പറ്റി, പടത്തിലെ ആദ്യത്തെ കേസുമായിട്ട് ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു അത്, അപ്പോൾ ആ കേസിൽ സാർ ഇൻ ആയി എന്നോർത്ത് മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നി, പിന്നെ എനിക്ക് നല്ലൊരു ഫ്ലോ കിട്ടി സാറിനോട് കഥ പറയാൻ, സാറ് നന്നായി കേട്ടിരിക്കുന്ന വ്യക്തിയാണ്, ആദ്യത്തെ ദിവസം ഫസ്റ്റ് ഹാഫ് പറഞ്ഞു തീർക്കുകയാണ് ചെയ്തത്, സാറ് അതിനെപ്പറ്റി സംസാരിച്ചു, സ്ഥലങ്ങളെപ്പറ്റി സംസാരിച്ചു. സാറിന് ആ സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ട്, മനസ്സിൽ വളരെ സന്തോഷം തോന്നി, സാർ ഇതിനെപ്പറ്റി സംസാരിക്കുന്നുണ്ടല്ലോ എന്നോർത്ത്, ബാക്കി നാളെ കേൾക്കാം എന്ന തരത്തിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ റോണി ചേട്ടൻ ഹാപ്പിയാണ്. ചേട്ടൻ പറഞ്ഞു സാർ ഇൻ ആണെന്ന് തോന്നുന്നു, ഹാപ്പിയാണ് എന്ന്, അടുത്ത ദിവസം സാറിന് എന്തോ മീറ്റിംഗ്സ് ഒക്കെ ഉണ്ടായിരുന്നു പിറ്റേ ദിവസം സാർ വിളിച്ചു, ഫസ്റ്റ് ഡേ തന്നെ ഞങ്ങൾ രണ്ട് രണ്ടര മണിക്കൂറോളം കഥ പറഞ്ഞിരുന്നു, അദ്ദേഹത്തിന് മീറ്റിംഗ് വേറെ ഉള്ളതു കൊണ്ട് പെട്ടന്ന് തീർക്കണം എന്ന ഒരു സംഭവം ഉണ്ടായിരുന്നു, പക്ഷേ വീണ്ടും ഇരുന്നു, എന്നെ ഞെട്ടിച്ചു കളഞ്ഞത് സെക്കന്റ് ഹാഫ് പറയാൻ പോകുമ്പോൾ നമ്മൾ ഫസ്റ്റ് ഹാഫിന്റെ എൻഡിംഗ് സീക്വൻസ് ഒക്കെ പറഞ്ഞിട്ടാണെല്ലോ തുടങ്ങാറുള്ളത്, സാറിനോട് ഞാൻ ഇത് ഇങ്ങനെ പറയാൻ പോകുമ്പോൾ സാറ് ഇന്റർവെല്ലിന്റെ ലാസ്റ്റ് സീൻ ഇങ്ങോട്ട് പറയുകയാണ്. ഇത് നമുക്ക് പേഴ്സണലി വളരെ സന്തോഷം തരുന്ന കാര്യങ്ങളാണെല്ലോ, അങ്ങനെ സെക്കന്റ് ഹാഫ് പറഞ്ഞു, അങ്ങനെ സാർ ഓക്കെ പറയുകയായിരുന്നു, ഞങ്ങൾ തിരിച്ച് എത്തിക്കഴിഞ്ഞപ്പോഴാണ് സാറിന്റെ ഓഫീസിൽ നിന്ന് വിളിച്ചു പറയുന്നത് മമ്മൂട്ടി കമ്പനിയാണ് ഇത് ചെയ്യുന്നത് എന്ന്, അന്ന് മമ്മൂട്ടി കമ്പനി ലോഞ്ച് ചെയ്തിട്ടില്ല,
എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.