സംഗീത സംവിധായകന്‍ ഇളയരാജ തന്നെ തമിഴിലേക്ക് പലതവണ ക്ഷണിച്ചിട്ടുള്ളതാണെന്നും താന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറിയതാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇളയരാജ സംഗീതം നല്‍കിയ തന്‍റെ സിനിമകളായ അച്ചുവിന്റെ അമ്മയും മനസിനക്കരെയുമെല്ലാം തമിഴില്‍ ചെയ്യാന്‍ ഇളയരാജ പറഞ്ഞിരുന്നതായി ദ ക്യു അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
തമിഴില്‍ സിനിമ ചെയ്യുകയാണെങ്കില്‍ താന്‍ അവിടെ മത്സരിക്കാന്‍ പോകുന്നത് ചേരനും മണിരത്‌നവും പോലുള്ള സംവിധായകരോടാണെന്ന്് തനിക്കറിയാമായിരുന്നു. അവരെയെല്ലാം നേരത്തെ പരിചയവുമുണ്ട്. അതുമാത്രമല്ല, മലയാളത്തില്‍ സിനിമ ചെയ്യുന്നതാണ് തനിക്ക താല്‍പര്യമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:
പരിചയമുള്ള മേഖലകളില്‍ നിന്ന് സിനിമ ചെയ്യാനാണ് എനിക്ക് താല്‍പര്യം. ഇളയരാജ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അച്ചുവിന്റെ അമ്മ തമിഴില്‍ ചെയ്യൂ, മനസ്സിനക്കരെ തമിഴില്‍ ചെയ്യൂ. അതിന് ശേഷം സത്യജ്യോതി ഫിലിംസ് പോലുള്ള വലിയ പ്രൊഡ്യൂസേഴ്‌സിനെയും കൊണ്ടുവന്നു.
പണം കൂടുതല്‍ കിട്ടുമല്ലോ എന്ന് കരുതി ആദ്യമൊന്ന് മനസ് ഇളകി, കാരണം, ഒരു കഥക്ക് വേണ്ടി പിന്നെ ബുദ്ധിമുട്ടണ്ടല്ലോ. പക്ഷെ, അച്ചുവിന്റെ അമ്മ തമിഴില്‍ ചെയ്യണമെങ്കില്‍, എനിക്കവിടെ മത്സരിക്കേണ്ടത് എനിക്ക് തന്നെ പരിചയമുള്ള ഒരുപാട് സംവിധായകരോടാണ്. ഉദാഹരണത്തിന് ചേരന്‍, രാധാമോഹന്‍, മണിരത്‌നം അങ്ങനെ..
ഈ സ്‌ക്രിപ്റ്റിന് തമിഴ്‌നാട്ടിന്റെ കഥാപശ്ചാത്തലം കൊണ്ടുവരണമെങ്കില്‍ രണ്ടാമതൊരു സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്താല്‍ മാത്രമേ സാധിക്കൂ. അല്ലാതെ മലയാളത്തിലുള്ള തിരക്കഥ തമിഴിലേക്ക് മാറ്റി ഷൂട്ട് ചെയ്തിട്ട് കാര്യമില്ല. അപ്പോള്‍ ഞാന്‍ ഇളയരാജയോട് പറഞ്ഞു, എനിക്ക് കംഫര്‍ട്ടബിള്‍ മലയാളത്തില്‍ ചെയ്യുന്നതാണ്. അതാണെങ്കില്‍ എനിക്ക് ഒരുപാട് കമ്മിറ്റ്‌മെന്റുകളുണ്ട്. -സത്യന്‍ അന്തിക്കാട് പറഞ്ഞു.