മമ്മൂട്ടിയുടെ നിർദ്ദേശ പ്രകാരം സിനിമയിൽ നിന്നും മോഹൻലാലിന്റെ ഒരു സംഭാഷണം ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകൻ സാജൻ. ഗീതം എന്ന സിനിമയിൽ മോഹന്‍ലാൽ ഗസ്റ്റ് വേഷമാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതു കൊണ്ടാണ് മോഹൻലാൽ അഭിനയിക്കാന്‍ സമ്മതിച്ചത്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ആ സമയത്ത് ഡബ്ബിങ്ങിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. അത് കട്ടു ചെയ്തു എന്ന് ഞാൻ പറഞ്ഞു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
അഭിമുഖത്തിൽ സാജൻ പറഞ്ഞത്
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് ഗീതം എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്. തിലകേട്ടന്റെ രണ്ട് മക്കളായാണ് ഗീത എത്തുന്നത്.
ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയരക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബപെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചുപോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്.
അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട് അമേരിക്കയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാന്‍ തയ്യാറാകാത്തതുമാണ് കഥ. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആ കുട്ടിയെ പിരിയാന്‍ കഴിയില്ല. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ കുട്ടിയെ ചോദിക്കുന്നത് ന്യായമാണ്. എന്റെ കുട്ടിയെ ഞാന്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതുകൊണ്ട് പുള്ളിക്കാരന്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ആ സമയത്ത് ഡബ്ബിങ്ങിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്‌തെന്നായി ലാല്‍. അത് വേണ്ട, ഞാന്‍ പറഞ്ഞു.
ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എന്‍ സ്വാമിക്കും അതറിയാം.
‘സാജാ അത് നമ്മള്‍ മാറ്റണോ, നല്ലൊരു ഡയലോഗ് അല്ലേ എന്ന് അദ്ദേഹവും എന്നോട് ചോദിച്ചിരുന്നു. മമ്മൂട്ടി ഇങ്ങനെ പറയുമ്പോള്‍ നമുക്ക് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ഞാനും ചോദിച്ചു. ശരി നമുക്ക് അത് മാറ്റാമെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.
ഇത് മോഹന്‍ലാലിന് മനസില്‍ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്. അങ്ങനെ ഡബ്ബ് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ശരി ഇനി നമ്മള്‍ തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.
ഞാന്‍ ആകെ വല്ലാതെയായി. ഞാന്‍ ഇക്കാര്യം തിരിച്ച് മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് എന്റെ ഒരു നടന്‍, സത്യം പറഞ്ഞാല്‍ മോഹന്‍ലാലിനെ എനിക്ക് നഷ്ടപ്പെട്ടത് ആ ഒരൊറ്റ ഡയലോഗിന്റെ പേരിലാണ്. അത് എസ്.എന്‍ സ്വാമിക്കും പ്രൊഡ്യൂസര്‍ക്കും അറിയാം. ഞാന്‍ ആരോടും ഇക്കാര്യമൊന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അറിയുമോ എന്ന് തനിക്ക് അറിയില്ല . രണ്ടുപേരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണ്.