Film Talks

'നിലപാടുകള്‍ കൊണ്ട് സിനിമകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടായി'; വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ട് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞെന്ന് രമ്യ നമ്പീശന്‍

സിനിമ ജീവിതത്തില്‍ എടുക്കേണ്ടി വന്ന പല തീരുമാനങ്ങള്‍ കൊണ്ടും സിനിമകള്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടായിരുന്നുവെന്ന് നടിയും ഗായികയുമായ രമ്യ നമ്പീശന്‍. എന്നാല്‍ പ്രതിസന്ധികളില്‍ കരഞ്ഞു മാറിയിരുന്നിട്ടില്ല. കാര്യങ്ങളെ വൈകാരികമായി കണ്ടിരുന്നില്ലെന്നും ബുദ്ധിമുട്ടുകളെ ധൈര്യമായി അഭിമുഖീകരിക്കാന്‍ തന്റെ സുഹൃത്ത്, അതിജീവിത തന്നെ പഠിപ്പിച്ചുതന്നിട്ടുണ്ടെന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രമ്യ നമ്പീശന്റെ പ്രതികരണം.

മലയാള സിനിമാ ഇന്‍ഡസ്ട്രിയുടെ സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. നിരന്തരമുള്ള ചര്‍ച്ചകളും സംവാദങ്ങളും സിസ്റ്റത്തിനുള്ളില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ചെറിയ മാറ്റങ്ങള്‍ വലിയ മാറ്റങ്ങളിലേക്കു നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു. നിലപാട് മാറ്റിക്കൊണ്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല, അതുകൊണ്ടു സുഖമായി ഉറങ്ങാന്‍ തനിക്ക് കഴിഞ്ഞുവെന്നു രമ്യ പറയുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതികള്‍ പല കാര്യങ്ങളെയും തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഞങ്ങളെപോലെയുള്ളവര്‍ അത് തുറന്നു പറയാനും പ്രതികരിക്കാനും തയാറാവുന്നതെന്നും ഈ സിസ്റ്റത്തിനുള്ളില്‍ തുല്യ അവസരങ്ങളും സാധ്യതകളും ഉയര്‍ന്നു വരട്ടെയെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സി യും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച വനിതാ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജീബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ കാമറയ്ക്ക് മുന്നിലും പിന്നിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സുദീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുദീപ് പലനാട് സംഗീതവും നിര്‍വഹിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, രാഹുല്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു., മിട്ട എം.സി. മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാന സഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു. സൗമ്യ വിദ്യാധര്‍ സബ്ടൈറ്റില്‍സും സ്റ്റോറിസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സംഗീതാ ജനചന്ദ്രനും നിര്‍വ്വഹിക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT