ഗാനഗന്ധര്‍വന്‍ എന്ന സിനിമ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിനെ കുറിച്ച് പറഞ്ഞ് നടനും സംവിധായകനുമായ രമേശ് പിഷാരടി. സിനിമയ്ക്ക് പിന്നിലെ അദ്ധ്വാനം ചിലപ്പോള്‍ അറിയപ്പെടാതെ പോകാറുണ്ട്. അതിന് ഉദാഹരണമായി പറയാവുന്ന സിനിമയാണ് മമ്മൂട്ടിയുടെ അംബേദ്കര്‍ എന്ന സിനിമ. ആ സിനിമയ്ക്ക് പിന്നില്‍ മമ്മൂക്കയുടെ ഒരുപാട് അദ്ധ്വാനമുണ്ടായിരുന്നു. പക്ഷെ എത്ര പേര്‍ ആ സിനിമ കണ്ടിട്ടുണ്ടാകും. ഗാനഗന്ധര്‍വന്‍ ദോഷമായി വന്നിട്ടില്ല. ചര്‍ച്ച ചെയ്യപ്പെടാതെ പോകുക എന്നത് എല്ലാ സിനിമയ്ക്കും സംഭവിക്കാവുന്ന ഒന്നാണെന്നും ഗാനഗന്ധര്‍വന്‍ സിനിമയെ കുറിച്ച് ദുഃഖം തോന്നുന്നില്ലെന്നും രമേശ് പിഷാരടി ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. 2019ല്‍ റിലീസായ ചിത്രം തിയറ്ററില്‍ സാമ്പത്തിക ലാഭം നേടിയിരുന്നു.
രമേശ് പിഷാരടി പറഞ്ഞത്:
ഗാനഗന്ധര്‍വന്‍ സിനിമ ചര്‍ച്ചയായില്ല, ജനകീയമായില്ല എന്ന് പറയുമ്പോള്‍ തന്നെ ആ സിനിമ വളരെയധികം മോശവും കേട്ടിട്ടില്ല. അങ്ങനെ ഒരു കാര്യം ഗാനഗന്ധര്‍വ്വന്‍ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. നല്ലതുമില്ല ചീത്തയുമില്ല എന്ന് പറയുന്ന പോലെ, അല്ലെങ്കില്‍ ലാഭവും നഷ്ടവുമില്ല എന്ന് പറയുന്ന രീതിയിലാണ് കാര്യങ്ങള്‍. ഈ വിഷയത്തില്‍ ഒരു സിനിമ ഉദാഹരണമായി പറഞ്ഞാല്‍ താരതമ്യം ചെയ്തു എന്ന് ആളുകള്‍ പറയുമോ എന്നറിയില്ല. എന്നിരുന്നാലും ഒരു ഉദാഹരണം പറഞ്ഞാല്‍, മമ്മൂക്ക ഒരുപാട് അദ്ധ്വാനിച്ച സിനിമയാണ് അംബേദ്കര്‍. പക്ഷെ എത്ര പേര്‍ ആ സിനിമ കണ്ടിട്ടുണ്ടാകും. അവാര്‍ഡുകള്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ ചില അധ്വാനങ്ങള്‍ കാണപ്പെടാതെയും അറിയപ്പെടാതെയും പോകുമെന്നുള്ളതാണ്. വളരെ നല്ല സിനിമയാണ് ഗാനഗന്ധര്‍വന്‍ എന്നല്ല പറയുന്നത്. ദോഷം ഒന്നും ചെയ്തിട്ടില്ല എന്നത് മാത്രമേ ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയാന്‍ കഴിയൂ. എത്ര വലിയ സിനിമയ്ക്കും ചെറിയ സിനിമയ്ക്കും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ് സിനിമ ജനകീയമാകുന്നതും ആകാതെയിരിക്കുന്നതും. അതിലൊന്നും എനിക്ക് ഒരു ദുഖമില്ല. ഒരു തരിപോലുമില്ല.
ഏഷ്യാനെറ്റിലെ സിനിമാല, ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്‌ളാവ് എന്നീ പരിപാടികളിലൂടെ മലയാളികള്‍ക്ക് പരിചിതനായ ഹാസ്യ കലാകാരനാണ് രമേശ് പിഷാരടി. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച രമേശ് പിഷാരടി 2009ല്‍ റിലീസായ 'കപ്പല് മുതലാളി' എന്ന ചിത്രത്തില്‍ നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ജയറാമിനെ നായകനാക്കി 'പഞ്ചവര്‍ണ്ണതത്ത' എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാന രംഗത്തേക്കും കടന്നുവന്നു.