'അയാൾ സംഗീതത്തിന്റെ രാജാവാണ്' എന്ന ഡയലോഗ് എഴുതിയത് യാനിയെ മനസ്സിൽ കണ്ടാണെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ചിത്രത്തിലെ ഗാനരംഗങ്ങൾ എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നത് യാനിയുടെ മുഖവുമായിരുന്നു എന്ന് രഘുനാഥ് പലേരി പറഞ്ഞു. മഴ പെയ്യുന്ന സമയത്ത് താൻ യാനിയുടെ പാട്ടുകൾ ഹെഡ് ഫോൺ വെച്ച് കേൾക്കുമെന്നും സിനിമയിലെ സെവൻ ബെൽസ് കൊണ്ടുള്ള സംഗീതമാണ് തന്നെ വിട്ടുപോകാത്തതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ രഘുനാഥ് പലേരി പറഞ്ഞു. ലോക പ്രസിദ്ധനായ ഗ്രീക്ക് സംഗീതജ്ഞനാണ് യാനി. 30 ലധികം രാജ്യാന്തര കൺസേർട്ടുകൾ നടത്തിയ യാനിക്ക് തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ലോകത്താകമാനം ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ 'യാനി ലൈവ് അറ്റ് ആർക്കോപോളിസ്' എന്ന ആൽബം ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്.
രഘുനാഥ് പലേരി പറഞ്ഞത്:
ഫേസ്ബുക്കിൽ ഞാൻ യാനിയെക്കുറിച്ച് ഒരു നോട്ട് എഴുതിയിരുന്നു. അയാൾ സംഗീതത്തിന്റെ രാജാവാണ് എന്നൊക്കെ എഴുതുമ്പോൾ എന്റെ മനസ്സിൽ യാനി ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ മ്യൂസിക് കമ്പോസിഷനുകൾ അത്രയും ഇഷ്ടമാണ്. ഒരുപാട് മാറിമറിയുന്ന പാട്ടുകളാണ്. തിരയിലേക്ക് നോക്കിയിരിക്കുന്ന പോലെയാണ് ആ പാട്ടുകൾ കേട്ടിരിക്കുന്നത്. പിന്നെ സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും എടുത്തു പറയേണ്ടതാണ്. അതൊരു സങ്കല്പമായി ഞാൻ ചിന്തിച്ചിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ ഞാൻ കേൾക്കുന്നത് ഊട്ടിയിൽ വെച്ചാണ്. പാട്ടുകൾ റെക്കോർഡ് ചെയ്ത് അദ്ദേഹം അയച്ചുതരുമ്പോൾ സിയാദിന്റെ കാറിൽ ഇരുന്നാണ് ഞാൻ കേൾക്കുക. 'എൻ ജീവനെ' എന്ന ഗാനമെല്ലാം മണിക്കൂറുകളോളം ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് പാട്ട് കേട്ട് ത്രസിച്ച് പോയിട്ടുണ്ട്. ഒരു വിങ്ങലുണ്ടാകും എനിക്ക്. ഇമോഷണലാവും ഞാൻ. സിനിമയിലെ ഞാൻ എഴുതിയ ഡയലോഗുകൾ പിന്നീട് കാണുമ്പോൾ അതിലെ വികാരം എനിക്കുണ്ടാവും. അതുപോലെയാണ് ഞാൻ യാനിയുടെ കാര്യം അന്ന് എഴുതിയത്.
മഴ പെയ്യുന്ന സമയത്ത് മഴയുടെ ശബ്ദത്തിന്റെ കൂടെ യാനിയുടെ പാട്ടുകൾ ഞാൻ ഹെഡ് ഫോൺ വെച്ച് കേൾക്കും. പ്രകൃതിയുമായി അലിഞ്ഞു ചേരുന്ന കമ്പോസിഷനുകളാണ് എല്ലാം. അതുപോലെ സിനിമയിലെ എല്ലാ കമ്പോസിഷനുകളും എടുത്താൽ സെവൻ ബെൽസുകൊണ്ടുള്ള സംഗീതമാണ് എന്നെ വിട്ടുപോകാത്തത്. അന്ന് സിനിമയുടെ ഗാനരംഗങ്ങൾ എഴുതുമ്പോൾ യാനിയെ ഞാൻ മനസ്സിൽ കണ്ടിട്ടുണ്ടായിരുന്നു. അത് കാണും. മനസ്സിൽ കാണും എന്ന് പറയാനല്ലാതെ അത് കേൾപ്പിക്കാനാവില്ല. ആ താളമായിരിക്കാം എന്നെക്കൊണ്ട് അന്ന് ഇതെല്ലം എഴുതിച്ചിട്ടുണ്ടാവുക.
24 വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ ജൂലൈ 26 ന് ദേവദൂതൻ റീ റിലീസ് ചെയ്തിരുന്നു. കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്ന ചിത്രം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000 ൽ റിലീസിനെത്തിയപ്പോൾ ബോക്സ് ഓഫീസ് പരാജയമായിരുന്നു.