തൃശൂർ പൂരം ചടങ്ങായി മാത്രം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നടി പാർവതി തിരുവോത്. പൂരത്തിനെതിരെയുള്ള ജനങ്ങളുടെ ശബ്ദമാണ് നടപടിക്ക് കാരണമെന്നും ഇതിനായി മുന്നോട്ട് വരികയും മെയിൽ അയക്കുകയും ചെയ്ത എല്ലാവരോടും പാർവതി നന്ദി അറിയിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവ്വതി ഇക്കാര്യം പങ്കുവെച്ചത്.
ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം ചില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് പൂരം നടത്താം എന്ന തീരുമാനം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ദേവസ്വങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
തീരുമാനത്തിന്റെ ഭാഗമായി പൂരത്തിന്റെ പല ചടങ്ങുകളും വെട്ടിക്കുറച്ചിരിക്കുകയാണ് . സാധാരണയായി രണ്ട് മണിക്കൂറാണ് കുടമാറ്റത്തിന്റെ സമയം. വൈകിട്ട് 5. 30യോട് കൂടി കുടമാറ്റം അവസാനിപ്പിക്കുവാനാണ് തീരുമാനം. വലിയ ആഘോഷത്തോടെയുള്ള സാമ്പിൾ വെടിക്കെട്ട് ഉണ്ടാവുകയില്ല. ചമയ പ്രദർശനവും 24നുള്ള പകൽ പൂരവും ഒഴിവാക്കും. സംഘാടകർക്ക് മാത്രമാണ് പൂരത്തിൽ പ്രവേശനമുള്ളത് . പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിനായി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിൻ സെർട്ടിഫിക്കേറ്റും നിർബന്ധമാണ്.