'തിങ്കളാഴ്ച നിശ്ചയം', 'വൈറ്റ് ഓൾട്ടോ' എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരുപോലെ എൻജോയ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും സിനിമയെന്ന് നടി അപർണ ബാലമുരളി. വളരെ ഓർഗാനിക് ആയിട്ടാണ് സിനിമയിലെ എല്ലാ സീനുകളും ചെയ്തിരിക്കുന്നത്. സിങ്ക് സൗണ്ട് ആയത്കൊണ്ട് ക്ലൈമാക്സ് ഉൾപ്പടെ പല പോർഷൻസും അത്തരത്തിൽ ഓർഗാനിക് ആയി വന്നിട്ടുണ്ട്. അതുകൊണ്ട് വളരെ ഫൺ മൂഡിലുള്ള ചിത്രമായിരിക്കും പദ്മിനിയെന്ന് അപർണ ബാലമുരളി ക്യൂ സ്റ്റുഡിയോയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു അഡ്വക്കേറ്റിന്റെ കഥാപാത്രമാണ് ഞാൻ പദ്മിനിയിൽ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിൽ പത്തു പേരുണ്ട് അല്ലെങ്കിൽ അമ്മൂമ്മ മുതൽ കൊച്ചുമോൻ വരെയുള്ളവർക്ക് ഒരു സിനിമ കാണാൻ തോന്നുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന ചിത്രമാണ് പദ്മിനി.അപർണ ബാലമുരളി
കുഞ്ചാക്കോ ബോബൻ, അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ജെയ്ക്‌സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രന്‍ ആണ്. എഡിറ്റര്‍ മനു ആന്റണിയും പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് പൂങ്കുന്നവുമാണ്. ചിത്രം ജൂലൈ 7-ന് തിയറ്ററുകളിലെത്തും.