ഇന്ത്യന്‍ സിനിമയുടെ നവനിരയില്‍ നിന്ന് ഏറ്റവും ശക്തമായി രാഷ്ട്രീയം പറയുന്ന സൃഷ്ടികളൊരുക്കുന്നയാളാണ് പാ രഞ്ജിത്. ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത സര്‍പട്ടാ ഇന്ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലെത്തുകയാണ്. ജാതിരാഷ്ട്രീയത്തിനൊപ്പം വര്‍ഗവിവേചനം എങ്ങനെ ഒരാളുടെ ഉയര്‍ച്ചയില്‍ കുറുകെ നില്‍ക്കുന്നുവെന്നത് സര്‍പട്ടാ എന്ന സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പാ രഞ്ജിത്. ഫിലിം കമ്പാനിയന്‍ അഭിമുഖത്തിലാണ് പ്രതികരണം.
ദളിത് വിഷയങ്ങള്‍ സംസാരിക്കുന്ന സിനിമകള്‍ വിജയിക്കില്ലെന്ന ധാരണ മാറിയിട്ടുണ്ടെന്ന് പാ രഞ്ജിത്. ആര്‍ട്ട് ഹൗസ് സിനിമകള്‍ മാത്രമാണ് നേരത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്‌നങ്ങളെ പരിഗണിച്ചിരുന്നത്. തുടക്കത്തിലും ഒടുക്കവും അവര്‍ അവഗണിക്കപ്പെട്ടവരും ചൂഷിതരുമായി ചിത്രീകരിക്കപ്പെട്ടവയായിരുന്നു കൂടുതലും സിനിമകള്‍. അത്തരം സ്റ്റീരിയോടൈപ്പുകള്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് മാറിയിട്ടുണ്ട്. ഞാന്‍ ആദ്യ സിനിമ ചെയ്തപ്പോള്‍ അംബേദ്കറുടെ ഒരു ചിത്രം കാണിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. ആ സാഹചര്യം മാറി.
നക്ഷത്രം നഗര്‍കിറുത് എന്ന സിനിമയാണ് അടുത്തതായി ചെയ്യുന്നതെന്നും പാ രഞ്ജിത്.
വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ ഒരുക്കുന്നത്. കബിലൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.
വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിനൊപ്പം തെലുങ്ക് ഹിന്ദി പതിപ്പുകളിലും സാര്‍പട്ടാ പരമ്പരൈ റിലീസിനെത്തും.