Film Talks

ന്യൂഡിറ്റിയല്ല മനസില്‍ കേറുക, ഇമോഷനാണ്: ‘ആടൈ’ എഡിറ്റര്‍ ഷെഫീഖ് അഭിമുഖം  

വി എസ് ജിനേഷ്‌

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അമലാ പോള്‍ നായികയായ ‘ആടൈ’. അര്‍ദ്ധനഗ്‌നയായി അമലയെത്തിയ ടീസറും സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമെല്ലാം വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. രത്‌നകുമാര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മലയാളിയായ ഷെഫീഖ് മുഹമ്മദ് അലിയാണ്. ഒരിക്കലും ഒരു ബി ഗ്രേഡ് സിനിമ ആവരുത് എന്ന തീരുമാനത്തോടെയാണ് ചിത്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതെന്ന് ഷെഫീഖ് പറയുന്നു. ആടൈ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ഷെഫീഖ് ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖം.

മലയാളത്തില്‍ ആദ്യമായി എഡിറ്റ് ചെയ്ത ചിത്രം തമാശ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. തമിഴില്‍ അതിന് മുന്‍പേ തന്നെ കുറച്ചു ചിത്രങ്ങള്‍ ചെയ്തിട്ടുമുണ്ട്. എങ്ങനെയാണ് ഈ മേഖലയിലേക്കെത്തുന്നത് ?

വിവേക് ഹര്‍ഷന്റെ കൂടെ സഹായിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിഗര്‍തണ്ട എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അതിന്റെ സംവിധായകരും കൂട്ടരും അവര്‍ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുമ്പോള്‍ എന്നെ വിളിക്കുമെന്ന് പറഞ്ഞിരുന്നു. പിന്നെ അവര്‍ സ്റ്റോണ്‍ ബഞ്ച് എന്ന പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. അവരുടെ ആദ്യ ചിത്രം മേയാതമാന്‍ ആണ്. അതിലേക്ക് എന്നെ വിളിച്ചു. അങ്ങനെയാണ് സംവിധായകന്‍ രത്‌നയെ പരിചയപ്പെടുന്നത്. ആ ബന്ധമാണ് ആടൈയിലെത്തിയത്. മലയാളത്തില്‍ അതുപോലെ തന്നെ കുറച്ചു ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിരുന്നു, അഞ്ചു സുന്ദരികളില്‍ ഉണ്ടായിരുന്നു, പിന്നെ ആ ടീം ഒത്തുചേര്‍ന്ന് കലി ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളില്‍ ഉണ്ടായിരുന്നു, ആ ബന്ധമാണ് തമാശയിലെത്തിയത്.

‘ആടൈ’ കുറച്ചുകൂടി ഉത്തരവാദിത്വമുള്ള ചിത്രമല്ലേ ? നഗ്നരംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുറച്ചു കൂടി കെയര്‍ കൊടുക്കേണ്ടതായിട്ട് വരില്ലേ ?

ഒരു സിനിമ നമ്മളെ ഏല്‍പ്പിക്കുമ്പോള്‍ തന്നെ ഉത്തരവാദിത്വമുണ്ട്. ആടൈ മാത്രമല്ല എല്ലാ ചിത്രവും അങ്ങനെ തന്നെയാണ്. ആടൈയില്‍ ഒരു കാര്യം പറയുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് മാത്രം. അല്ലാതെ സിനിമ എന്ന തരത്തില്‍ നമ്മള്‍ ചെയ്യുന്ന ജോലിയുമായി യാതൊരു വ്യത്യാസവുമില്ല. പിന്നെ ഒരു തിരക്കഥ നന്നാകുമ്പോഴാണ് ഒരു ആര്‍ടിസ്റ്റ് നന്നായി അഭിനയിക്കുന്നതും, ഛായാഗ്രാഹകന്‍ നന്നായിട്ട് വര്‍ക്ക് ചെയ്യുന്നതും. അതുപോലെ ആ ഫൂട്ടേജ് നമ്മളെ എക്‌സൈറ്റ് ചെയ്യുമ്പോഴാണ് നമ്മള്‍ക്ക് നന്നായി എഡിറ്റ് ചെയ്യാന്‍ കഴിയുന്നത്. അവരെല്ലാം ചെയ്ത അധ്വാനത്തിന്റെ വാല്യു ഞാനായിട്ട് കുറയ്ക്കരുത് എന്ന് ഉണ്ടായിരുന്നു. പിന്നെ നമ്മള്‍ക്ക് പറയാനുള്ള കഥ സത്യസന്ധമായി വൃത്തിയായി പറയുക.

ഏത് ഘട്ടത്തിലാണ് ആടൈയുടെ ടീമിനൊപ്പം ചേരുന്നത് ?

പ്രീ പ്രൊഡക്ഷന്‍ സമയം മുതല്‍ ചിത്രത്തിനൊപ്പമുണ്ട്, നിര്‍മ്മാതാവിന് കഥ ഇഷ്ടപ്പെട്ട് പ്രൊഡക്ഷന്‍ ഓഫീസ് സെറ്റ് ചെയ്ത് കഴിഞ്ഞതുമുതല്‍. തിരക്കഥയുടെ മേല്‍ ചര്‍ച്ചകളുമായി ക്യാമറമാനടക്കമുള്ളവര്‍ ഉണ്ട്. അവിടെ ഒരു ഷോട്ട് വേണ്ട, അല്ലെങ്കില്‍ ഈ സീന്‍ മറ്റൊരു രീതിയില്‍ വന്നാല്‍ നന്നാവും അല്ലെങ്കില്‍ ഇത്തരമൊരു ലൈറ്റിംഗ് യൂസ് ചെയ്യാം എന്നിങ്ങനെയെല്ലാം എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുമായിരുന്നു. പിന്നെ ആ ചര്‍ച്ചകള്‍ക്കിടയില്‍ ഒരിക്കലും മറ്റൊരു സിനിമ ഞങ്ങള്‍ക്ക് റഫറന്‍സാക്കേണ്ടി വന്നിട്ടില്ല, അതുകൊണ്ട് തന്നെ സിനിമയ്ക്കുള്ള ഒറിജിനാലിറ്റി ഫീല്‍ ചെയ്യുന്നുണ്ട്. റിലീസ് ചെയ്ത് കഴിയുമ്പോള്‍ ആ ഒറിജിനാലിറ്റി ചിത്രത്തിന് ഗുണം ചെയ്യുന്നുമുണ്ട്.

നഗ്നത സ്‌ക്രീനില്‍ കാണിക്കണമെന്നതിനെക്കുറിച്ച് ഷൂട്ടിങ്ങിലും മറ്റും എത്രത്തോളം കരുതലുകള്‍ എടുത്തിരുന്നു ?

ന്യൂഡ് ആയിട്ടുള്ള രംഗങ്ങള്‍ പ്രേക്ഷകര്‍ കാണരുത് എന്ന കരുതലോടെ തന്നെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഇനി അങ്ങനെ അല്ലാതെ ഷൂട്ട് ചെയ്താല്‍ പോലും അത് സെന്‍സറില്‍ അംഗീകരിക്കില്ല. അപ്പോള്‍ പിന്നെ നമ്മള്‍ ഷൂട്ട് ചെയ്യുന്നത് വെറുതെയാണ്. അപ്പോള്‍ എന്താണ് നമുക്ക് സ്‌ക്രീനില്‍ കാണിക്കാന്‍ പറ്റുന്നത്, അത് ഷൂട്ട് ചെയ്യുക എന്നതാണ് ചെയ്തിരിക്കുന്നത്. ഇത് ഒരു എക്‌സ്പ്ലിസിറ്റ് അല്ലെങ്കില്‍ ബി ഗ്രേഡ് മൂവിയാവരുത് എന്ന് ഉറപ്പിച്ചിരുന്നു. കാരണം സിനിമയുടെ കണ്ടന്റ് ഡിമാന്റ് ചെയ്യുന്നത് അങ്ങനെയാണ്. ആ നീതി കാണിക്കണമെങ്കില്‍ എക്‌സ്പ്ലിസിറ്റ് ആവരുത്.

സ്‌പോട്ട് എഡിറ്റിംഗിലൂടെയാണോ വര്‍ക്ക് ചെയ്തത് ?

സ്‌പോട്ട് എഡിറ്റിംഗ് ഉണ്ടായിരുന്നില്ല. സ്‌പോട്ട് എഡിറ്റര്‍ ഉണ്ടെങ്കില്‍ ആ ഫുട്ടേജ് അധികം ആളുകള്‍ കാണാന്‍ സാധ്യതയുണ്ട്, പിന്നെ സ്‌പോട്ട് ആവശ്യമില്ലാത്ത ഒരു സെറ്റായിരുന്നു അത്. സംവിധായകന്‍ രത്‌നകുമാര്‍ നല്ല ക്ലാരിറ്റിയുള്ള ആളാണ്. പിന്നെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞ സമയത്ത് തന്നെ ഒപ്പം എഡിറ്റിംഗ് തുടങ്ങിയിരുന്നു. അതുകൊണ്ട് എഡിറ്റ് ചെയ്യുമ്പോള്‍ എന്തെങ്കിലും ഷോട്ട് കൂടുതല്‍ വേണമെന്നോ മറ്റും പറഞ്ഞാല്‍ അവര്‍ അത് എടുക്കുകയും മറ്റും ചെയ്തിരുന്നു.

ന്യൂഡിറ്റി വിഷയമാകുന്ന സിനിമയാകുമ്പോള്‍ ബി ഗ്രേഡ് ഫിലിം ആണെന്ന കാഴ്ചപ്പാടോട് കൂടെ ചിലരെങ്കിലും സമീപിക്കുമെന്ന ചിന്ത ചിത്രത്തിന്റെ ചര്‍ച്ചകളിലുണ്ടായിട്ടുണ്ടോ ?

നമ്മള്‍ ഒരിക്കലും ഇതൊരു നവോത്ഥാനമോ വിപ്ലവമോ ആയിട്ടല്ല മുന്നോട്ട് വയ്ക്കുന്നത്. നമ്മുടെ കയ്യില്‍ ഒരു കഥയുണ്ട്, അത് സത്യസന്ധമായി പറയണം, അത് നാളെ സമൂഹത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ജനങ്ങള്‍ എല്ലാവരും നന്നാവുകയും ഹാപ്പി എന്‍ഡിങ്ങ് ആവുക അത്തരം രീതികളിലൊന്നും നമുക്ക് സിനിമയെ സമീപിക്കാന്‍ പറ്റില്ല. സിനിമ ഒരു അഭിപ്രായമാണ്. പത്തു പേര്‍ ഒരു സിനിമ കണ്ടാല്‍ പത്ത് അഭിപ്രായം വരും.പിന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ട് ഇതൊരു ചര്‍ച്ചയാകുമ്പോള്‍ അത് വേറൊരു തലത്തിലേക്ക് പോകുന്നു. തമാശയും എനിക്കങ്ങനെയാണ് തോന്നിയത്. ഒരു അഭിപ്രായം നമ്മള്‍ ടേബിളില്‍ വയ്ക്കുകയും അത് കാണുന്ന പ്രേക്ഷകര്‍ ഒരു ചര്‍ച്ചയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. ആടൈയിലും അത് തന്നെയാണ് സംഭവിക്കുന്നത്.

സെന്‍സര്‍ ചെയ്തപ്പോള്‍ എന്തായിരുന്നു അവിടെത്തെ റെസ്‌പോണ്‍സ് ?

എക്‌സ്പ്ലിസിറ്റ് ആകരുതെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഏതെങ്കിലും വിധത്തില്‍ സെന്‍സറില്‍ പെടുമോ എന്നുണ്ടായിരുന്നു. പക്ഷേ ചിത്രം ആരെ കാണിച്ചാലും അവരുടെയൊന്നും മനസ്സില്‍ ന്യൂഡിറ്റി കേറിയിട്ടില്ല, ആ കഥാപാത്രത്തിന്റെ ഇമോഷനാണ് ശ്രദ്ധിക്കുന്നത്. അതിന്റെ സംതൃപ്തി ഞങ്ങള്‍ക്കുണ്ടായിരുന്നു. സെന്‍സറില്‍ ഒരു സ്ത്രീയായിരുന്നു, അവര്‍ പടം കണ്ടു കഴിഞ്ഞപ്പോള്‍ നല്ല അഭിപ്രായമായിരുന്നു. ചിത്രത്തിലെ ന്യൂഡിറ്റി ഒന്നും ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല എന്നാണ് അവര്‍ പറഞ്ഞത്.

അമല പോള്‍ ഏതെങ്കിലും വിധത്തില്‍ എഡിറ്റിംഗ് ഘട്ടത്തില്‍ ഇടപെട്ടിരുന്നോ ?

സെന്‍സര്‍ കഴിഞ്ഞതിന് ശേഷമാണ് അമലയെ ആദ്യം കാണുന്നത്, അതുവരെ അമലയെ കണ്ടിട്ടുമില്ല, അമല ഒരു തരത്തിലും ജോലിയില്‍ ഇടപെട്ടിട്ടുമില്ല, അമലയെ സംബന്ധിച്ച് ചിത്രം ചെയ്യുമ്പോള്‍ ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു, ഒരു ടീമായിട്ട് വര്‍ക്ക് ചെയ്യണമെന്ന്. ഡയറക്ടര്‍ ഒരു ബോസായിട്ട് വര്‍ക്ക് ചെയ്യാതെ, എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന ടീമായിരിക്കണം. അങ്ങനെ ഷൂട്ടില്‍ തന്നെ ഒരു ടീമായി വര്‍ക്ക് ചെയ്യുമ്പോള്‍ ആ റിസല്‍ട്ട് എഡിറ്റിംഗ് ടേബിളില്‍ ഉണ്ടാവും എന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. എഡിറ്റിംഗില്‍ അതിന്റെ സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ അമലയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ഒരു ആര്‍ടിസ്റ്റാണെന്ന് കരുതി നമ്മള്‍ സംസാരിക്കാതെ മാറി നിന്നാല്‍ പോലും നമ്മളെ അടുത്ത് വിളിച്ച് കംഫര്‍ട്ട് സോണ്‍ ഉണ്ടാക്കി സംസാരിക്കുന്ന ഒരാളാണ് അമല.

റിലീസ് കഴിയുമ്പോള്‍ എന്തെല്ലാമാണ് പ്രതികരണങ്ങള്‍ ?

എല്ലായിടത്തു നിന്നും പോസിറ്റീവ് റെസ്‌പോണ്‍സാണ്, പ്രത്യേകിച്ചും സ്ത്രീകളില്‍ നിന്ന്, ഇതില്‍ അങ്ങനെ ഒന്നും ഇല്ലല്ലോ. ന്യൂഡിറ്റി എന്നു പറയുമ്പോള്‍ തന്നെ നിങ്ങള്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണോ... എന്നെല്ലാമാണ് അവര്‍ ചോദിക്കുന്നത്. അത് തന്നെ ഒരു പോസിറ്റീവ് സൈനാണ്. പിന്നെ ഇത് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു സബ്ജക്റ്റാണ്, അത് ആരെയും വേദനിപ്പിക്കാത്ത തരത്തില്‍ പറഞ്ഞു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കേരളത്തില്‍ തമിഴ്‌നാട്ടിലേക്കാള്‍ നല്ല റെസ്‌പോണ്‍സുണ്ട്..

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT