കൊവിഡ് തീവ്രവ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ് രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച തുറമുഖം. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമക്ക് ശേഷം ഗോപന്‍ ചിദംബരം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച സിനിമ കൂടിയാണ് തുറമുഖം.
പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ കണ്ടപ്പോള്‍ അത്ഭുതപ്പെടുത്തിയ ചിത്രമാണ് തുറമുഖമെന്ന് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്. തുറമുഖം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണ്. ഇപ്പോള്‍ ഈ സംസാരിക്കുന്ന നിമിഷം വരെ തുറമുഖം തിയറ്റര്‍ റിലീസായാണ് ആലോചിക്കുന്നതെന്ന് സുകുമാര്‍ തെക്കേപ്പാട്ട് ദ ക്യു അഭിമുഖത്തില്‍. നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റാകും ഈ സിനിമ.
സുകുമാര്‍ തെക്കേപ്പാട്ട് ദ ക്യു അഭിമുഖത്തില്‍
കൊവിഡ് തീവ്രതയുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ ഒന്നും നമ്മുടെ കയ്യില്‍ അല്ലല്ലോ. ഏതായാലും ഒരു വര്‍ഷം നമ്മള്‍ വെയ്റ്റ് ചെയ്തു. ഇനിയും പിടിച്ചുനില്‍ക്കാന്‍ തയ്യാറാണ്. വാക്‌സിനേഷനിലൂടെ കൊവിഡ് തീവ്രത കുറയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മനുഷ്യരുടെ ജീവിതം സാധാരണ നിലയിലേക്ക് വരുമ്പോള്‍ റിലീസ് ചെയ്യണമെന്നാണ് കരുതുന്നത്. തിയറ്ററില്‍ തന്നെ എന്‍ജോയ് ചെയ്യാവുന്ന സിനിമയാണ്.
ഒരു സിനിമ ചെയ്തതിന് ശേഷം പൂര്‍ണമായും സംതൃപ്തി നല്‍കിയ സിനിമ കൂടിയാണ് തുറമുഖം. തുറമുഖം പോസ്റ്റ് പ്രൊഡക്ഷനില്‍ കണ്ടിരുന്നു. ഒരു ക്ലാസിക് സിനിമയായി അഭിമാനിക്കാനാകുന്ന ചിത്രമാണ് തുറമുഖം. എനിക്ക് നന്നായി ഇഷ്ടമായി. പ്രേക്ഷകര്‍ക്കും അങ്ങനെ തന്നെ ഇഷ്ടമാകുമെന്ന് കരുതുന്നു.
നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഓര്‍മ്മിക്കാവുന്ന സിനിമയാകും തുറമുഖം. രണ്ട് കാലഘത്തിലുള്ള നിവിന്‍ പോളിയെയാണ് സിനിമയില്‍ കാണാനാകുന്നത്. ജോജു, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, നിമിഷ എന്നിവരെല്ലാം തന്നെ ഗംഭീരമായിട്ടുണ്ട്.