മാത്യു തോമസ്, നസ്ലെന്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് നെയ്മര്‍. നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്. നെയ്മര്‍ എന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് മുതല്‍ ഫുട്‌ബോള്‍ പ്രമേയമായ ചിത്രമാണെന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ നെയ്മര്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു നായയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിലൂടെ വ്യക്തമാക്കിയിരുന്നു. ഒരു അണ്ടര്‍ ഡോഗ് വന്ന് ഹീറോ ആവുന്ന കഥയാണ് ഈ സിനിമയുടേതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുധി മാഡിസണ്‍ പറയുന്നു. രണ്ടര മാസം പ്രായമുള്ള ഒരു നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്. ഒറ്റ ടേക്കില്‍ ഓക്കെ ആക്കുന്ന പരിചയസമ്പത്തുള്ള അഭിനേതാക്കള്‍, നെയ്മറിന്റെ ടേക് ഓക്കെ ആകും വരെക്കും കാത്തിരിക്കുമായിരുന്നുവെന്നും സുധി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
സിനിമ പ്രഖ്യാപിച്ചത് മുതല്‍ ഒരു മുഴുനീള ഫുട്‌ബോള്‍ സിനിമയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്, പുറത്തുവിട്ട ടീസറാണ് നെയ്മര്‍ എന്ന ഡോഗിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. നെയ്മര്‍ ഒരു നാടന്‍ നായയാണെന്നത് സിനിമ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നത് വരേക്കും പുറത്തുവിടാതിരുന്നതാണ്.സുധി മാഡിസണ്‍
നെയ്‌മെറിന്റെ പേടിമാറ്റാന്‍ വേണ്ടി പ്രീപ്രൊഡക്ഷന്‍ സമയത്ത് തന്നെ മുഴുവന്‍ ഉപകരണങ്ങളും വച്ച്, അവനെ അതുമായി ഇടപഴകിച്ച് ശീലിപ്പിച്ചിരുന്നു. ഷോട്ട് സമയങ്ങളില്‍ മറ്റാരുടെയും അടുത്തേക്ക് ഓടി പോകാതിരിക്കാന്‍ സംവിധായകനായ താന്‍ പോലും നെയ്മറിന് ഭക്ഷണം കൊടുക്കുകയോ, കളിപ്പിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും, ക്രൂ മുഴുവന്‍ കര്‍ശനമായി ട്രെയിനര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് സിനിമ പൂര്‍ത്തിയാക്കികയാതെന്നും സുധി പറഞ്ഞു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും, ജോ ആന്‍ഡ് ജോയ്ക്കും ശേഷം മാത്യു തോമസും നെസ്ലെനും ഒന്നിക്കുന്ന ചിത്രം കൂടെയാണ് നെയ്മര്‍. നസ്ലെനും മാത്യുവും ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്ന എന്റര്‍ടൈന്മെന്റ് ഈ സിനിമയിലും പ്രതീക്ഷിക്കാമെന്നും സുധി പറയുന്നു. അവര്‍ക്കിടയില്‍ ഒരു സിങ്ക് ഉണ്ട്. സ്‌ക്രിപ്റ്റില്‍ എഴുതിയതിലും ഒരുപടി മേലെയാണ് അവരിരുവരും പെര്‍ഫോം ചെയ്തിരിക്കുന്നതെന്നും സുധി കൂട്ടിച്ചേര്‍ത്തു.
വി സിനിമാസിന്റെ ബാനറില്‍ പദ്മ ഉദയ്യാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്‌മാന്‍, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍. ഛായാഗ്രാഹകന്‍ ആല്‍ബി. പാര്‍ത്ഥസാരഥിയാണ് നെയ്മറിനെ ട്രെയിന്‍ ചെയ്തത്. ചിത്രം അടുത്ത മാസം തിയ്യേറ്ററുകളിലെത്തും.