‘മാതളത്തേനുണ്ണാന്‍’ എന്ന പാട്ടിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ ക്ഷമ ചോദിച്ച് മോഹന്‍ലാല്‍. താന്‍ പാടി അഭിനയിച്ച പാട്ട് എന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വേദിയില്‍ വെച്ച് ‘ഉയരും ഞാന്‍ നാടാകെ’ എന്ന ചിത്രത്തിലെ ഗാനം നടന്‍ ധര്‍മജന്‍ ആലപിച്ചപ്പോള്‍ ‘ഇത് എന്റെ ചിത്രത്തിലെ, ഞാന്‍ പാടിയ പാട്ടാണ്’ എന്നായിരുന്നു താരം പറഞ്ഞത്. തുടര്‍ന്ന് ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ച ഗായകന്‍ വിടി മുരളി മോഹന്‍ലാലിന് എതിരായി രംഗത്തു വന്നിരുന്നു. ഈ വിവാദത്തിനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ക്ഷമ പറഞ്ഞത്.
കഴിഞ്ഞ ആഴ്ചയില്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ അദ്ദേഹത്തിന് ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, അത് ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നു.മോഹന്‍ലാല്‍
പി ചന്ദ്രകുമാറിന്റെ സംവിധാനത്തില്‍ 1985ലായിരുന്നു ഉയരും ഞാന്‍ നാടാകെ എന്ന ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ പരാമര്‍ശത്തെതുടര്‍ന്ന് ഗായകന്‍ വിടി മുരളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുകയും വിടി മുരളിക്കെതിരെ സൈബര്‍ അറ്റാക്ക് നടക്കുകയും ചെയ്തിരുന്നു.