മിന്നല്‍ മുരളിയെന്ന തനിനാടന്‍ സൂപ്പര്‍ ഹീറോയെ പരിചയപ്പെടുത്തി സിനിമയുടെ ടീസര്‍. ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് സൂപ്പര്‍ ഹീറോ ചിത്രമാണ്. ഗോദക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. മികച്ച വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന ടീസര്‍ നല്‍കുന്നു. ഗോദ പോലെ അമര്‍ ചിത്രകഥാ മോഡല്‍ കഥ പറച്ചിലിനാണ് ബേസില്‍ ഇക്കുറിയും ഒരുങ്ങുന്നത്. സമീര്‍ താഹിറാണ് ക്യാമറ.
അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ബാറ്റ്മാൻ', 'ബാഹുബലി' എന്നീ ചിത്രങ്ങളുടെ ഫൈറ്റ് കോരിയോഗ്രാഫറായ വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത്. 'ജിഗര്‍തണ്ട', 'ജോക്കര്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.
മനു ജഗത് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഷാന്‍ റഹ്മാനാണ് സംഗീതം. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചനയും നിർവഹിക്കുന്നു. ആൻഡ്രൂ ഡിക്രൂസാണ് വി എഫ് എക്‌സ്.
ലോക്ക് ഡൗണ്‍ കാലത്ത് മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ നശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനാണ് മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. ലോക്ക്ഡൗണ്‍ മൂലം ചിത്രീകരണം നിലച്ചിരിക്കെയായിരുന്നു രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്. സെറ്റ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ക്ഷേത്ര പരിസരത്ത് പള്ളി നിര്‍മ്മിച്ചെന്ന വിദ്വേഷ പ്രചരണമുന്നയിച്ചായിരുന്നു സെറ്റ് തകര്‍ത്തത്.