പഞ്ചായത്ത് ജെട്ടി സിനിമയ്ക്ക് മമ്മൂട്ടിയും വലിയ പ്രോത്സാഹനം നൽകിയെന്ന് നടൻ മണി ഷൊർണൂർ. മറിമായം പരമ്പര കണ്ടിട്ടാണ് റോഷാക്ക്, ടർബോ എന്നീ സിനിമകളിലേക്ക് മമ്മൂക്ക തന്നെ വിളിച്ചതെന്നും മണി ഷൊർണൂർ പറഞ്ഞു. സിനിമാ മേഖലയിൽ നിന്നുള്ളവർ മറിമായം കാണുന്നവരാണെന്നും അതുകൊണ്ട് തന്നെ അവർക്ക് തങ്ങളുടെ സിനിമയിൽ പ്രതീക്ഷയുണ്ടെന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മണി ഷൊർണൂർ പറഞ്ഞു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ നർമ്മത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിറ്റ്കോം കോം പരമ്പരയായ മറിമായത്തിന്റെ അണിയറ പ്രവർത്തകർ ചേർന്നൊരുക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. മറിമായത്തിന്റെ മുഖ്യ സാരഥികളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രം ജൂലൈ ഇരുപത്തിയാറിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
മണി ഷൊർണൂർ പറഞ്ഞത് :
സിനിമാ മേഖലയിൽ നമ്മൾ ആരാധിക്കുന്ന പലരും മറിമായം പരിപാടിയെക്കുറിച്ച് സംസാരിക്കുന്നവരാണ്. അവരെല്ലാം സ്ഥിരമായി മറിമായം കാണുന്നവരുമാണ്. മകൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ജയറാമേട്ടനും സത്യൻ അന്തിക്കാട് സാറും മറിമായത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. സന്ദേശം പോലെ ഒരു സിനിമയെടുത്ത സത്യൻ അന്തിക്കാടിന്റെ മനസ്സിലും മറിമായമുണ്ട്. പഞ്ചായത്ത് ജെട്ടി എന്ന ഈ സിനിമയ്ക്ക് വേണ്ടി മമ്മൂക്കയും ഞങ്ങൾക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. മറിമായം കാണുന്നതിന്റെ ഫലമായിട്ടാണ് അദ്ദേഹം എന്നെ റോഷാക്ക്, ടർബോ എന്നീ ചിത്രങ്ങളിലേക്ക് വിളിച്ചത്. അതെല്ലാം മറിമായത്തിൽ നിന്ന് കിട്ടിയ അനുഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് ഞങ്ങളുടെ ഈ സിനിമയിൽ പ്രതീക്ഷകളുണ്ട്.
ഒരു പഞ്ചായത്തിനെ കേന്ദ്രീകരിച്ചു കൊണ്ട് നടക്കുന്ന കഥയാണ് പഞ്ചായത്ത് ജെട്ടി. പ്രധാനമായും യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഒരു നാട്ടിൻ പുറത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ഈ ചിത്രത്തിലുടനീളം പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രശ്നങ്ങളിലും, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ, അവർക്കിടയിലെ കിടമത്സരങ്ങൾ, രാഷ്ടീയക്കാരുടെ രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും എന്നിവ അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് സംവിധായകർ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹത്തിൻ്റെ പ്രതീകങ്ങൾ എന്ന തരത്തിലാണ് അവതരണം. പഞ്ചായത്തിൻ്റെ പ്രസിഡൻ്റും, മെംബർമാരുമൊക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നർമ്മത്തിൻ്റെ അകമ്പടിയോടെ കഥാതമന്തുവിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രത്തിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, സലിം കുമാർ, നിയാസ് ബക്കർ , റിയാസ്, വിനോദ് കോവൂർ , രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, ഉണ്ണി രാജാ, രാഘവൻ, മണി ഷൊർണൂർ, ഗീതി സംഗീത, ഒ.പി.ഉണ്ണികൃഷ്ണൻ, ഉണ്ണി നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - ക്രിഷ് കൈമൾ എഡിറ്റിംഗ് - ശ്യാം ശശിധരൻ കലാസംവിധാനം -സാബു മോഹൻ മേക്കപ്പ് - ഹസൻ വണ്ടൂർ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടേർസ് -അശ്വിൻ മോഹൻ - അനിൽ അലക്സാണ്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - പ്രേം പെപ് കോ, ബാലൻ കെ. മങ്ങാട്ട് 'ഓഫീസ് നിർവ്വഹണം -- ജിതിൻ' ടി.വേണുഗോപാൽ പ്രൊഡക്ഷൻ മാനേജർ - അതുൽ അശോക് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രഭാകരൻ കാസർകോഡ്. പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. വാഴൂർ ജോസ്. ഫോട്ടോ - സലീഷ് പെരിങ്ങോട്ടുകര