മാമാങ്കം സിനിമയെ ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന സഹനിര്‍മ്മാതാവിന്റെ പരാതിക്ക് പിന്നാലെ പ്രതികരണവുമായി സിനിമയുടെ ആദ്യ സംവിധായകന്‍ സജീവ് പിള്ള. കോണ്‍ഫിഡന്‍സ് അടിപടലം തരിപ്പണമാകുമ്പോള്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മൗഢ്യമാണെന്ന് സജീവ് പിള്ള എഴുതുന്നു.
സജീവ് പിള്ളയുടെ പ്രതികരണം ഫേസ്ബുക്കിലാണ്. മാമാങ്കം പുറത്തിറക്കാതിരിക്കാനും സിനിമയെ തകര്‍ക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്ന കാട്ടിയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ പൊലീസിനെ സമീപിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പേ ഉള്ള നെഗറ്റീവ് റിവ്യൂകളും സിനിമയെ താറടിച്ച് കാണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളും നിര്‍മ്മാതാക്കള്‍ പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.
കോണ്‍ഫിഡന്‍സ് അടിപടലം തരിപ്പണമാകുമ്പോള്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. നിയമക്കുരുക്കില്‍ പെടുത്തിയും ഭീഷണിയിലൂടെയും നിശബ്ദമാക്കാനും കഴിയില്ല. ചില വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.ഒന്നും പറയാതെ പോകില്ല.സജീവ് പിള്ള
ഡിസംബര്‍ 12ന് റിലീസ് നിശ്ചയിച്ച സിനിമയെ തകര്‍ക്കാനുള്ള ശ്രമത്തില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയ്ക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞായിരുന്നു എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫിന്റെ പരാതി. തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ്കുമാറിനാണ് പരാതി നല്‍കിയത്. സജീവ് പിള്ള സംവിധായകനായിരുന്നപ്പോള്‍ 13 കോടിയോളം നഷ്ടം നിര്‍മ്മാതാവിന് സംഭവിച്ചതായും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. എം പത്മകുമാറാണ് മാമാങ്കം സംവിധായകന്‍. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് നിര്‍മ്മാണം.