ശ്രീനിവാസ സിനിമകളുടെ ഴോണറാണ് വിശേഷം എന്ന് നടി മാല പാർവതി. പണ്ട് കാലം മുതൽക്കേ പറയുന്ന നായക ഗുണങ്ങളെയെല്ലാം അട്ടിമറിക്കുന്ന സിനിമയാണ് വിശേഷം എന്ന് മാല പാർവ്വതി പറയുന്നു. നായകൻ എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഒരു വ്യക്തിയാണ്. അയാളുടെ ജീവിതം എന്ന് പറയുന്നത് ഒരു സിനിമയ്ക്കുള്ള കഥയാണ്. വടക്കു നോക്കിയന്ത്രം പോലെ ശ്രീനിവാസൻ സിനിമകളുടെ ഒരു ഴോണറുണ്ടല്ലോ. സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമകൾ, അതുപോലെയുള്ള ഒരു സിനിമയാണ് വിശേഷവും എന്ന് മാല പാർവതി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാല പാർവതി പറഞ്ഞത്:
ഈ സിനിമയെക്കുറിച്ച് എനിക്ക് തോന്നിയ ഒരു കാര്യം എന്തെന്നാൽ, പൊതുവേ ഒരു കഥ പറയുന്ന സമയത്ത് നമുക്ക് പഴയ ഒരു ക്ലാസിക്കൽ കോൺസെപ്റ്റുണ്ട്. ധീരോ ധാത്തൻ, അതിപ്രതാപൻ തുടങ്ങി നായകന്റെ ഗുണങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കണം എന്നാണ്. എന്നാൽ നായകൻ എന്ന് പറയുന്നത് ഇങ്ങനെയൊന്നുമല്ല എന്നു പറഞ്ഞ് അതിനെയെടുത്ത് തറയിലേക്ക് ഒറ്റയടി കൊടുക്കുന്ന സിനിമയാണ് ഇത്. നായകൻ എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഒരു വ്യക്തിയാണ്. അയാളുടെ ജീവിതം എന്ന് പറയുന്നത് ഒരു സിനിമയ്ക്കുള്ള കഥയാണ്. വടക്കു നോക്കിയന്ത്രം പോലെ ശ്രീനിവാസൻ സിനിമകളുടെ ഒരു ഴോണറുണ്ടല്ലോ. സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമകൾ. ഒരു ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിലുണ്ടാകുന്ന യഥാർത്ഥ പ്രശ്നങ്ങൾ അത് ഒരിക്കലും പറയപ്പെടുകയില്ല. അവരുടെ ബന്ധത്തെ ഒരു പാട്ടിൽ തീർക്കുകയാണ് സിനിമ ചെയ്യുന്നത്. കല്യാണം കഴിക്കുന്നു രണ്ട് പൂക്കൾ ഇങ്ങനെ അടുത്തു വരുന്നു, പിന്നെ കുഞ്ഞുണ്ടാവുന്നു. നമ്മുടെയൊന്നും ജീവിതത്തിൽ അത് പാട്ടിൽ അവസാനിക്കുന്നില്ലല്ലോ? വിവാഹത്തിന് ശേഷം ആദ്യ രാത്രിയായാൽ ഗർഭിണിയാവുന്ന കഥകളാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെയല്ലാത്ത ഒരുപാട് പ്രോസസുകളിലൂടെ കടന്നു പോകുന്ന സാധാരണ മനുഷ്യരുണ്ട്. ജീവിതത്തെ വലിയ തരത്തിൽ മനസ്സിലാക്കുന്ന അങ്ങനെയുള്ള വലിയൊരു സമൂഹത്തിന് വേണ്ടിയുള്ള കഥകൾ ആരും പറയാറില്ല. അവർ ഒഴിവാക്കപ്പെടുകയാണ്. അവരെ ഉൾപ്പെടുത്തുന്ന സിനിമയാണ് വിശേഷം.
സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും മുഖ്യവേഷങ്ങളിലെത്തുന്ന ഫാമിലി കോമഡി - ഡ്രാമ ചിത്രമാണ് വിശേഷം. സ്റ്റെപ്പ്2ഫിലിംസിന്റെ ബാനറിൽ അനി സൂരജാണ് ചിത്രം നിർമിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ കാലം' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിലെത്തും.