പടവെട്ട് സംവിധായകൻ ലിജു കൃഷ്ണക്കെതിരെ ഡബ്ല്യുസിസിയുടേത് ഏകപക്ഷീയമായ വിചാരണയെന്ന് അണിയറ പ്രവർത്തകരുടെ പ്രസ്താവന. ഗീതുമോഹന്‍ദാസിനെതിരെ സംവിധായകന്‍ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവര്‍ത്തകരും വെളിപ്പെടുത്തിയ സത്യങ്ങള്‍ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണമെന്നാണ് പടവെട്ടിന്റെ ഒഫീഷ്യല്‍ പേജില്‍ പുറത്തുവിട്ട കുറിപ്പിലെ ആവശ്യം. സംവിധായകന്‍ ലിജു കൃഷ്ണ, സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബിപിന്‍ പോള്‍ തുടങ്ങിയവര്‍ ഒപ്പിട്ട പോസ്റ്റാണ് പടവെട്ടിന്റെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പടവെട്ട് അണിയറക്കാരുടെ പ്രസ്താവന
അറിയണം..!
ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം WCC വ്യക്തമാക്കണം.
എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. എന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രെവർത്തകരെ WCC എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. WCC എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമര്ശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പൊലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് WCC യിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.
വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വര്ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രെവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.
അതിജീവിതക്കൊപ്പം നിലകൊണ്ടതിന് ഡബ്ല്യുസിസിക്കെതിരേയും, ഒരു അംഗത്തിനെതിരെയും പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുന്നുവെന്ന് സംഘടന കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ് അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ബലാത്സംഗക്കേസിൽ കുറ്റാരോപിതനായ പ്രതിയായ ലിജു കൃഷ്ണയും, ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും വാസ്തവിരുദ്ധമായ ആരോപിച്ചെന്നാണ് വിമൻ ഇൻ സിനിമ കളക്ടീവിന്റെ ആരോപണം. നിവിൻ പോളി നായകനായ പടവെട്ട് എന്ന സിനിമയുടെ പ്രമോഷനിടെ നടന്ന വാർത്താ സമ്മേളനത്തിൽ ലിജു കൃഷ്ണ സംവിധായിക ഗീതു മോഹൻദാസിനെതിരെ ആരോപണമുന്നയിച്ചിരുന്നു.