സുശാന്ത് സിംഗ് രജപുതിന്റെ മരണത്തിനൊപ്പം ചര്‍ച്ചയാകുന്ന വിഷാദ രോഗാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി എഴുതിയത്.
ഈയൊരു രംഗം ഇപ്പോഴും ഒരു തമാശയായി കരുതുന്ന എത്ര പേരുണ്ട് എന്നറിയാമോ?
ഇന്ന് രാവിലെ കൂടി ഒരു സിനിമാ ഗ്രൂപ്പിൽ ഇതേക്കുറിച്ച് നടന്ന ചർച്ചയിൽ അന്ന് തിയേറ്റർ മുഴുവൻ ചിരിച്ചതിനെക്കുറിച്ചും, ചിലപ്പോ സംവിധായകനും അത് തന്നെയാവണം ഉദ്ദേശിച്ചത് എന്ന തരത്തിലും കണ്ടൂ. അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയണം എന്ന് തോന്നി.
അന്ന് ആരൊക്കെ ചിരിച്ചിട്ടുണ്ടോ അവർക്ക് മറ്റൊരാളുടെ യഥാർത്ഥ മനസ്സ് കാണാൻ കഴിയാത്ത കൊണ്ടാണ്. നമ്മൾ വളർന്ന ഒരു ചുറ്റുപാട് വെച്ച് സജിയെപ്പോലെ ഉളളവർ കോമഡി പീസ് ആയി എളുപ്പം തെറ്റിദ്ധരിച്ച് പോകുന്നത് കൊണ്ടാണ്. ഞാൻ മഴയത്ത് നടക്കാൻ ആഗ്രഹിക്കുന്നത് ഞാൻ കരയുന്നത് ആരും കാണാതിരിക്കാനാണ് എന്ന് പറഞ്ഞ ചാർലി ചാപ്ലിന്റെ തമാശ മുഴുവൻ എന്തിൽ നിന്ന് ഉണ്ടായതാണ് എന്ന് ഊഹിക്കാൻ പറ്റാത്ത കൊണ്ടാണ്.
സഹജീവിയെ അംഗീകരിച്ചില്ലെങ്കിലും ദയയോടെ ചിന്തിക്കാൻ പറ്റിയാൽ, ജഡ്ജ് ചെയ്യും മുൻപ് ഞാൻ കാണുന്ന ആൾ തന്നെയാണോ അത് എന്ന് ഒന്ന് ചിന്തിക്കാൻ പറ്റിയാൽ സജിയെപ്പോലെ ഉള്ളവരുടെ കരച്ചിൽ നമ്മളെയും ഉലയ്ക്കും. തിയേറ്ററിൽ ഇരുന്ന്, എന്തിന് ഈ സ്ക്രീൻഷോട്ട് കാണുമ്പോ പോലും സജിമാര് മനസുലയ്ക്കും.
ചുരുങ്ങിയ നാളുകളിലെ ജീവിതത്തിൽതന്നെ അത്രമാത്രം കോംപ്ലക്സ് ആയ മനുഷ്യന്മാർ കടന്ന് പോയിട്ടുള്ള കൊണ്ട്, കൗതുകത്തോടെ, പരാതിയോടെ, സഹാനുഭൂതിയോടെ, ദേഷ്യത്തോടെ, ഒക്കെ അവരെ നിരീക്ഷിച്ച, തിരിച്ചറിവ് വന്ന ശേഷം ഒരു നിവർത്തി ഉണ്ടെങ്കിൽ അവരെയൊക്കെ മാറി നിന്ന് നോക്കി അനുകമ്പയോടെ അനുഗമിച്ചിട്ടുള്ള കൊണ്ട് പറയുകയാണ്. അങ്ങനെ മാറി നിന്ന് ദയയോടെ നോക്കാൻ പാകത്തിന് വളർന്നാൽ നിങ്ങളുടെ ജീവിത ആസ്വാദനം കൂടും. സിനിമയിലാണെങ്കിൽ നിങ്ങൾക്ക് കഥാപാത്രങ്ങൾ ഫീൽ ചെയ്യാൻ എളുപ്പമാകും. കാരണം ജീവിതം തന്നെയാണ് സിനിമ.
ഈ രംഗം തമാശയായി തോന്നിയ ആരെങ്കിലും ഇനിയും പരിചയത്തിൽ ഉണ്ടെങ്കിൽ തിരുത്തിക്കൊടുക്കൂ. കുമ്പളങ്ങി വരികൾക്കിടയിൽ നിന്ന് ഇനിയും വായിക്കാൻ കിട്ടുന്ന ദൃശ്യരചനയാണ് എന്നും. അതിൽ മറ്റെല്ലാ കഥാപാത്രങ്ങളുടെ വൈകാരിക ആഴത്തേക്കാളും ആഴമുണ്ട് സജിയുടെ വൈകാരികതയ്ക്ക് എന്നും മനസിലാക്കിക്കൊടുക്കാൻ ശ്രമിക്കൂ. സജി ഒരു പ്രതിനിധിയാണ് എന്നും അത് കേവലം ഒരു സിനിമാ രംഗം മാത്രമല്ല. അതൊരു വലിയ മാനസികാരോഗ്യ പാഠം കൂടിയാണ് എന്നും കൂടി പറയൂ...