Film Talks

മമ്മൂക്കക്കൊപ്പം തസ്‌കരവീരന്‍ രണ്ടാം ഭാഗം, കലാഭൈരവന്‍ ട്രോളുകള്‍ തമാശയായി ആസ്വദിച്ചു: പ്രമോദ് പപ്പന്‍ അഭിമുഖം

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത കലാഭൈരവന്‍ എന്ന ട്രിബ്യൂട്ട് വീഡിയോയ്ക്ക് നേരെ ഉണ്ടായ ട്രോളുകള്‍ തമാശയായിട്ട് മാത്രമേ കാണുന്നുള്ളുവെന്ന് സംവിധായകന്‍ പ്രമോദ് പപ്പന്‍. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നത്. അവരെ നമ്മള്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ല, ഒരു ചിത്രകാരനെന്ന നിലയില്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളും സങ്കല്‍പ്പത്തിലുളള ചില രൂപങ്ങളും ഡിജിറ്റല്‍ പെയ്ന്റിങിലൂടെ വരച്ചെടുത്തതായിരുന്നു വീഡിയോ എന്ന് ഇരട്ടസംവിധായകരായ പ്രമോദ് പപ്പനിലെ പ്രമോദ് ദ ക്യു'വിനോട് പറഞ്ഞു. കലാഭൈരവന്‍ മമ്മൂക്ക കണ്ടിട്ടുണ്ടാകാമെന്നും പ്രമോദ് പറയുന്നു. തസ്‌കരവീരന്‍ രണ്ടാം ഭാഗമാണ് മമ്മൂട്ടിക്കൊപ്പമുള്ള അടുത്ത പ്രൊജക്ട്.

പ്രമോദിനും പപ്പനുമൊപ്പം ചൈനാ യാത്രാവേളയില്‍ മമ്മൂട്ടി

മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. വീഡിയോയ്ക്ക് വേണ്ടി പ്രമോദ് ഡിജിറ്റല്‍ പെയ്ന്റ് ചെയ്ത മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളാണ് പ്രധാനമായും ട്രോള്‍ ചെയ്യപ്പെട്ടത്. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട് ആയിരുന്നു കലാഭൈരവന്‍. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ പ്രമോദ് പപ്പന്‍മാര്‍ നീണ്ട കാലം ഗള്‍ഫ് ഷോകളുടെ നേതൃത്വം വഹിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം വിദേശത്ത് സൗഹൃദയാത്രകളുടെയും ഭാഗമാണ് പ്രമോദ് പപ്പന്‍.

മമ്മൂക്കയുമായി 90 മുതലുള്ള പരിചയം

90 മുതലുള്ള പരിചയമാണ് മമ്മൂക്കയുമായുള്ളത്. 'ഒരു സ്വകാര്യം' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. ക്യാമറ പോലുള്ള ടെക്നിക്കൽ സാധനങ്ങളോട് മമ്മൂക്കയ്ക്ക് ഒരു പ്രത്യേക കമ്പമാണ്. അത്തരം സാധനങ്ങൾ വാങ്ങാനൊക്കെയാണ് ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യുന്നത്. സാങ്കേതിക വിദ്യകൾ അറിയാനുളള യാത്രകളാണ് കൂടുതലും.

കലാഭൈരവന് പിന്നില്‍ എന്നിലെ ചിത്രകാരന്‍

ഞാനൊരു ചിത്രകാരനാണ്, എന്നിലെ ചിത്രകാരന്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്ന കുറച്ച് രൂപങ്ങളെയാണ് പെയിന്റിങ്ങുകളിലൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞാന്‍ പുറത്തുവിട്ടത്. എന്റെ സങ്കല്‍പ്പത്തിലുള്ള ചില വേഷങ്ങളില്‍ മമ്മൂക്കയെ കണ്ടാല്‍ നന്നാകുമെന്ന് തോന്നി. പരസഹായമില്ലാതെ ഞാന്‍ തന്നെ വരച്ചു, എഡിറ്റിങും സൗണ്ട് മിക്സിങ്ങും എല്ലാം സ്വയം ചെയ്തു. ആ വീഡിയോയെ കുറിച്ചു വന്ന ട്രോളുകള്‍ വെറും തമാശയായിട്ട് മാത്രമേ എടുക്കുന്നുള്ളു. അഭിപ്രായ സ്വാതന്ത്ര്യം ആണ് ട്രോളുകള്‍, അവരെ നമ്മള്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ല'. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടിലെ പ്രമോദ് പറയുന്നു.

മമ്മൂക്ക എന്തായാലും കണ്ടുകാണും

ഞാന്‍ മമ്മൂക്കയുടെ രണ്ട് പടങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ഒന്നിന് പോലും അദ്ദേഹത്തോട് കണ്ട് കഴിഞ്ഞുളള അഭിപ്രായം എന്തെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അത്രക്കുപോലും ഇല്ല ഞാനിപ്പോള്‍ ചെയ്ത ഈ ചെറിയ വീഡിയോ. അദ്ദേഹം എന്തായാലും കണ്ടിട്ടുണ്ടാകും.

ഇനി തസ്‌കരവീരന്‍ സെക്കന്‍ഡ്

മമ്മൂട്ടിയെ നായകനാക്കി വജ്രം, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങള്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്തിരുന്നു. തസ്‌കരവീരന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്ന് പ്രമോദ് പറയുന്നു. ചിത്രത്തിനായി ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞ് മമ്മൂക്കയോട് നേരില്‍ കണ്ട് അതിനെകുറിച്ച് സംസാരിക്കാമെന്നാണ് കരുതുന്നതെന്നും പ്രമോദ് ദ ക്യുവിനോട്.

പ്രമോദ് പാപ്പനിക് അപ്രോച്ച്

ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ ​ഡയറക്ടർ എന്നൊരു സ്ഥാനത്ത് വയ്ക്കാൻ ഒരു ക്യാപ്ഷൻ വേണമായിരുന്നു, പ്രിയദർശൻ ഫിലിം എന്നൊക്കെ പറയുന്നതുപോലെ. അങ്ങനെ പോൾ അൽഫോണ്സ് എന്ന ഞങ്ങളുടെ ഒരു സുഹൃത്തിലൂടെയാണ് പ്രമോദ് പാപ്പനിക് അപ്രോച്ച് എന്ന ക്യാപ്ഷൻ ഉണ്ടാകുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT