2019ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് -കാർത്തി ഹിറ്റ് ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയിൽ സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ മറുപടി. സംഭവത്തെ കുറിച്ചുള്ള ഔദ്യോഗികമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും അതിനാൽ അതിനെക്കുറിച്ചുള്ള പ്രതികരണം ഇപ്പോൾ സാധ്യമല്ലെന്നും നിർമ്മാതാക്കൾ പറഞ്ഞു. എന്നാൽ നമ്മുടെ പക്കൽ ക്ളീൻ റെക്കാർഡുകളാണുള്ളത്. അതിനാൽ നിയമനടപടികൾ നേരിടാൻ ഒരുക്കമാണ്. കേസിന്റെ എല്ലാം വശങ്ങളും മനസ്സിലാക്കുന്നത് വരെ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്നും തമിഴിൽ പുറത്തിറിക്കിയ പ്രസ്താവനയിൽ നിർമ്മാതാക്കൾ പറഞ്ഞു.
കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസാണ് കൈതിയുടെ കഥ മോഷ്ടിച്ചതാണെന്ന പരാതിയുമായി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ് അയക്കുകയും സിനിമയുടെ ഹിന്ദിയിലേക്കുള്ള റീമേക്കും രണ്ടാം ഭാഗവും റിലീസ് ചെയ്യുന്നത് നിർത്തിവെയ്ക്കാനും ഉത്തരവിട്ടിരുന്നു.
കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളി എന്നതാണ് കൈതിയുടെ ഇതിവൃത്തം. എന്നാൽ 2007ൽ താൻ എഴുതിയ നോവലിൽ നിന്നും പകർത്തിയതാണെന്നാണ് രാജീവിന്റെ പരാതി. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലിൽ കഴിയുന്ന സമയത്തെ അനുഭവങ്ങൾ പകർത്തിയ നോവൽ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിർമ്മാതാവ് അഡ്വാൻസ് നൽകിയതായും രാജീവ് പരാതിയിൽ ആരോപിച്ചിരുന്നു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്താണ് ടിവിയിൽ കൈതി സിനിമ കാണുന്നത്. അപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് പറഞ്ഞു. നഷ്ടപരിഹാരമായി നാല് കോടി രൂപയാണ് രാജീവ് ആവശ്യപ്പെട്ടിരിക്കുന്നത്.