വന്ദനം എന്ന സിനിമയുടെ ക്ലൈമാക്സ് ട്രാജഡിയാക്കിയതിനെ ചൊല്ലി താനും പ്രിയദർശനും വഴക്കുകൂടിയിട്ടുണ്ടെന്ന് നടൻ ജഗദീഷ്. ചിത്രത്തിന്റെ അവസാനം നായകനും നായികയും ഒന്നിക്കണം എന്ന പക്ഷക്കാരനായിരുന്നു. ക്ലൈമാക്സ് ട്രാജഡിയാകുന്ന സിനിമകൾ കാണാൻ ബുദ്ധിമുട്ടാണ്. ഇതൊരു പിന്തിരിപ്പൻ ചിന്താഗതിയാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷെ തനിക്ക് ബുദ്ധിമുട്ടാണ് അങ്ങനെയുള്ള സിനിമകൾ കാണാൻ. കുട്ടിക്കാലത്ത് കണ്ട അടൂർ സിനിമകൾ എല്ലാം ട്രാജഡികളായിരുന്നു. വിഷമത്തോടെയാണ് സിനിമകൾ കണ്ട് തിയറ്ററിൽ നിന്നു തിരിച്ചു പോന്നിരുന്നതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു.
ജഗദീഷ് പറഞ്ഞത്:
എല്ലാത്തരം സിനിമകളും ഇഷ്ടമാണ്. പക്ഷെ സിനിമയുടെ ക്ലൈമാക്സ് വലിയ ട്രാജഡിയിലേക്ക് പോകുന്നത് എങ്കിൽ എനിക്ക് കാണാൻ വലിയ ബുദ്ധിമുട്ടാണ്. നമ്മളെ വിട്ടു പിരിഞ്ഞ സംവിധായകൻ സച്ചി പറഞ്ഞിട്ടുണ്ട് ശുഭപര്യവസായി ആയിരിക്കണം സിനിമ എന്ന്. സന്തോഷത്തിൽ അവസാനിക്കണം എന്നുള്ളതാണ്. ഞാനും പ്രിയദർശനും ഈ വിഷയത്തിൽ വഴക്കു കൂടിയിട്ടുണ്ട്. വന്ദനം എന്ന സിനിമയുടെ ക്ലൈമാക്സിൽ നായകനും നായികയും ഒന്നിക്കണം എന്ന പക്ഷക്കാരനായിരുന്നു ഞാൻ. ഭയങ്കര തർക്കവും വഴക്കും നടന്നു. ഒടുവിൽ ഹനീഫിക്കയാണ് അതേ ക്ലൈമാക്സ് മതിയെന്ന് പറഞ്ഞത്.
എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട എം ടി സാറിന്റെ സിനിമകൾ എല്ലാം അവസാനം വലിയ ട്രാജഡിയിലാണ് അവസാനിക്കുന്നത്. നഗരമേ നന്ദി, മുറപ്പെണ്ണ് പോലെയുള്ള സിനിമകൾ എന്റെ മനസ്സിൽ വലിയ ഒരു അനുഭവം ഉണ്ടാക്കിയിട്ടുണ്ട്. വളരെ സങ്കടത്തോടെയാണ് അപ്പോഴൊക്കെ സിനിമ കണ്ടു വീട്ടിൽ പോരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ആരെങ്കിലും സിനിമയുടെ കഥ പറയുമ്പോൾ, കുഴിയിൽ ഒരു കുട്ടി വീണ സന്ദർഭം ആണെങ്കിൽ, അവസാനം കുട്ടി രക്ഷപ്പെടുമോ എന്ന ചോദ്യമായിരിക്കും ഞാൻ ചോദിക്കുക. രക്ഷപെട്ടു എന്ന് കേട്ടാൽ അത് കാണും. ഇല്ലെങ്കിൽ കാണാൻ എനിക്ക് ബുദ്ധിമുട്ടായിരിക്കും. പൊന്നരം തോട്ടത്തെ രാജാവ് ഒരുപാട് ഭംഗിയുള്ള ഒരു സിനിമയാണ്. അതിൽ എന്റെ മകളുടെ കഥാപാത്രം മരിക്കുന്ന രീതിയിലായിരുന്നു അവസാനം. എനിക്കതിൽ വിയോജിപ്പുണ്ടായിരുന്നു. പക്ഷെ എഴുത്തുകാരനും സംവിധായകനും ഉറച്ചു നിന്നു. ഇന്നും എനിക്ക് അതൊരു വിഷമമാണ്. ഇതൊരു പിന്തിരിപ്പൻ ചിന്താഗതിയാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷെ എനിക്ക് ബുദ്ധിമുട്ടാണ് അങ്ങനെയുള്ള സിനിമകൾ കാണാൻ.