അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടി ഉന്നയിച്ച കാര്യം നൂറ് ശതമാനം ന്യായമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും നടി രചന രചന നാരായണൻകുട്ടി. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി അമ്മ സംഘടനയ്ക്ക് കത്ത് നൽകിയിരുന്നു. ഭരണഘടന പ്രകാരം ഭരണസമിതിയില്‍ നാലു സ്ത്രീകള്‍ വേണമെന്ന ചട്ടമുള്ളതിനാല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടിയ താന്‍ പുറത്തായത് ചൂണ്ടിക്കാട്ടിയാണു രമേഷ് പിഷാരടി അമ്മയ്ക്ക് കത്തയച്ചത്. ജയിച്ചവർ മാറി ബാക്കിയുള്ളവർ വരിക എന്ന് പറയുമ്പോൾ അത് വോട്ട് രേഖപ്പെടുത്തിയവർക്ക് എതിരെ കൂടിയുള്ള ഒരു കാര്യമാണ് എന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംഘടന സ്വീകരിക്കുമെന്നും രചന നാരായണൻകുട്ടി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രചന നാരായണൻകുട്ടി പറഞ്ഞത്:
പിഷാരടിയുടെ കാര്യത്തിൽ ആണെങ്കിൽ ഞാൻ പിഷാരടി പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. അദ്ദേഹം സംസാരിച്ചത് വളരെ ന്യായമായ കാര്യമാണ്. പക്ഷേ അമ്മയുടെ ബെെലോയിൽ നാല് പേര് വേണം എന്ന് നിർബന്ധമായത് കൊണ്ടാണ് പിഷാരടിക്ക് മാറി നിൽക്കേണ്ടി വന്നത്. ബെെലോയും ജനാധിപത്യവും തമ്മിലുള്ള ഒരു കോൺഫ്ലിക്ടാണ് അത് ശരിക്കും. അപ്പോൾ നമ്മൾ മാറണം. ഒരു പുതിയ കമ്മറ്റി ഇപ്പോൾ വന്നിട്ടുണ്ടല്ലോ? ബെെലോയിൽ ഇനി ഭേദഗതി നടത്തണം. അതിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അത് സുതാര്യതയുള്ളതായിരിക്കണം. അന്നത്തെ നമ്മുടെ ലക്ഷ്യം എന്ന് പറയുന്നത് സംവരണം ഉണ്ടാക്കുക എന്നതായിരുന്നു. ഇതിനെ പറ്റിയൊന്നും അന്ന് കൂടുതൽ ആലോചിച്ചിരുന്നില്ല. ഇങ്ങനെ ഒരു അനുഭവം വരുമ്പോഴല്ലേ നമ്മൾ പഠിക്കുക. അനുഭവങ്ങളിലൂടെയല്ലേ നമുക്ക് ഒരോന്നും തിരുത്താൻ സാധിക്കുന്നത്. വരുന്ന കമ്മറ്റി അതിന് കഴിവുള്ള കമ്മറ്റി തന്നെയാണ്. ഉറപ്പായും അവർ ഭേദഗതി കൊണ്ടു വരും. അതിന് ഒരു ക്ലാരിറ്റി വരുത്തേണ്ടതുണ്ട്. എനിക്കും ജയിച്ചവർ മാറി ബാക്കിയുള്ളവർ വരിക എന്ന് പറയുമ്പോൾ അത് വോട്ട് രേഖപ്പെടുത്തിയവർക്ക് കൂടി എതിരെയുള്ള ഒരു കാര്യമാണ്. പിഷാരടി മാറി കൊടുത്തതാണ്. അതാണ് അതിന്റെ സത്യം. അടുത്ത തെരഞ്ഞെടുപ്പിൽ ഈ പോരായ്മകളൊക്കെ തിരുത്തുന്നതായിരിക്കും. ലിംഗസമത്വത്തിനാണോ അതോ ജനാധിപത്യത്തിനോണോ പ്രധാന്യം കൊടുക്കേണ്ടത് എന്ന് ചോദിച്ചാൽ രണ്ടും തുല്യമായി തന്നെ പ്രധാനപ്പെട്ടതാണ്. പിഷാരടിയുടെ അടുത്ത് ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോൾ ലാലേട്ടനും മമ്മൂക്കയും ഒക്കെ വിളിച്ചു എന്ന് പറഞ്ഞിരുന്നു.