ഒരു ഫാമിലി ഡ്രാമയാണ് 'കടകൻ' എന്ന് നടൻ ഹക്കീം ഷാ. നിലമ്പൂരിലെ നിയമവിരുദ്ധമായ മണൽക്കടത്ത് പ്രമേയമാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച് ഹക്കീം ഷാ നായകനായെത്തിയ ചിത്രമാണ് 'കടകൻ'. കടകൻ എന്നത് കളരിയിലെ ഒരു അടവാണെന്നും ഏത് അടവും കാണിച്ച് രക്ഷപെടുന്ന ഒരുതരം നായകനാണ് ചിത്രത്തിലെ തന്റെ കഥാപാത്രമെന്നും ഹക്കീം ഷാ പറയുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ ആളുകളുടെ ലെെഫിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രം. അവരുടെ ലെെഫിനെ കുറച്ചു കൂടി റോ ആയും സ്റ്റെെലിഷായും എടുത്തിട്ടുള്ള സിനിമയാണ് കടകൻ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹക്കീം ഷാ പറഞ്ഞു
ഹക്കീം ഷാ പറഞ്ഞത്:
കടകൻ എന്നത് കളരിയിലെ ഒരു അടവാണ്. പൂഴിക്കടകൻ മറുകടൻ എന്നൊക്കെ പറയുന്നത് പോലയുള്ളത്. പക്ഷേ ഈ സിനിമയക്ക് കളരിയുമായി യാതൊരു ബന്ധവുമില്ല. ഏത് അടവും കാണിച്ച് അവസാനം രക്ഷപെടുന്ന ഒരു തരം ആറ്റിറ്റ്യൂഡുള്ള ഒരു നായകനാണ് ഈ സിനിമയിലേത്. കടകൻ ഒരു ഫാമിലി ഡ്രാമയാണ്. അതിൽ ഫെെറ്റുണ്ട്, അത്യാവശ്യം കുറച്ച് പ്രണയം ഉണ്ട്. എന്റർടെയ്നിംഗ് ആണ്. മിഡിൽ ക്ലാസ് ഫാമിലിയിലെ ആളുകളുടെ ലെെഫിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങൾ കുറച്ച് റോ ആയും സ്റ്റെെലിഷായിട്ടും എടുത്തിട്ടുള്ള സിനിമയാണ് കടകൻ, അതാണ് സിനിമയുടെ ബേസിക്ക് ഴോണർ.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രമാണ് കടകൻ. മണൽ മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ആക്ഷൻ എന്റർടെയ്നറായ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോധിയും എസ് കെ മമ്പാടും ചേർന്നാണ്. ഖലീലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഹക്കീം ഷായോടൊപ്പം ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജാസിൻ ജസീലാണ്.