താൻ ഇതു വരെ ചെയ്ത സിനിമകളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് 'അനുരാഗ'വും, 'ജനനി'യുമെന്ന് ഗൗരി ജി കിഷൻ . അനുഭവപരിചയമുള്ള വലിയൊരു കാസ്റ്റിന്റെ കൂടെ അഭിനയിക്കാൻ കഴിയുക എന്നത് ഒരു അഭിനേതാവ് എന്ന നിലക്ക് തനിക്ക് പഠിക്കാനുള്ള അവസരം കൂടെയാണ് എന്നും ഗൗരി ജി കിഷൻ ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഗൗതം സാറിന്റെയും ലെന ചേച്ചിയുടെയും മകളായാണ് ഞാൻ അഭിനയിക്കുന്നത്. ഷീല മാമിനും, ജോണി സാറിനും, ദേവയാനി മാമിനുമൊക്കെയൊപ്പം അഭിനയിക്കുക എന്നത് എനിക്ക് ഒരു എക്സ്പോഷർ കൂടെയാണ്. അതുകൊണ്ടു കൂടെയാണ് ഞാൻ അനുരാഗം തിരഞ്ഞെടുത്തത്.ഗൗരി ജി കിഷൻ
തന്റെ കഥാപാത്രം ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലായെന്നും, അതിന് പല ലെയറുകളുണ്ട് എന്നും അതാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച മറ്റൊരു ഘടകമെന്നും ഗൗരി കൂട്ടിച്ചേർത്തു.
'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ക്വീനിലൂടെ ശ്രദ്ധേയനായ അശ്വിന്‍ ജോസിനൊപ്പം ഗൗതം മേനോന്‍, ജോണി ആന്റണി, ദേവയാനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തില്‍ എത്തുന്ന അശ്വിന്‍ ജോസ് തന്നെയാണ് തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നീ ബാനറുകള്‍ക്ക് കീഴില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോയല്‍ ജോണ്‍സ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുരേഷ് ഗോപിയും എഡിറ്റര്‍ ലിജോ പോളുമാണ്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.