ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകള്‍ വച്ച് നോക്കുകയാണെങ്കില്‍ അത്രയേറെ വ്യത്യസ്ഥമായ കാരക്ടര്‍ അപ്രോച്ച് ഉള്ള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് നടന്‍ ഗോകുല്‍ സുരേഷ്. വളരെ റിസ്‌ക്ക് എടുത്ത് തന്നെ ദുല്‍ഖര്‍ ചെയ്ത പടവുമാണ് കിങ് ഓഫ് കൊത്ത. ഫിനാന്‍ഷ്യലി ആയാലും അല്ലാതെ ഒരു ആക്ടേഴ്സ് അപ്രോച്ച് ടു സിനിമ എന്ന രീതിയില്‍ നോക്കുകയാണെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ നല്ല ആത്മവിശ്വാസത്തില്‍ തന്നെ ആ ഒരു റിസ്‌ക് ഏറ്റെടുത്തു എന്നാണ് തോന്നിയിട്ടുള്ളതെന്നും ഗോകുല്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
എല്ലാ കാരക്ടേഴ്‌സിനും അതിന്റേതായ ലെയറുകള്‍ ഉള്ള ഒരു പടമാണ് കിംഗ് ഓഫ് കൊത്ത. ഞാന്‍ പാപ്പന്‍ ചെയ്ത സമയത്ത് വിചാരിച്ചിരുന്നു അതിലെ കഥാപാത്രങ്ങള്‍ക്ക് മാത്രമായിരിക്കും ഇത്രയും ലെയര്‍ ഉള്ളതെന്ന്. പക്ഷേ കൊത്ത വന്നപ്പോഴാണ് എനിക്ക് തോന്നി കുറേക്കൂടി ഡീറ്റെയില്‍ഡായിട്ടുള്ളത് ഇതിലാണെന്ന്. പാസ് ചെയ്തു പോകുന്ന ആള്‍ക്ക് വളരെ ഡീറ്റെയ്ലിങ്ങ് ഉള്ള പടമാണ് കൊത്ത. കഥ കേട്ടപ്പോഴും ചില വിഷ്വലുകള്‍ കണ്ടപ്പോഴും എനിക്ക് അങ്ങനെയാണ് തോന്നിയത്.ഗോകുല്‍ സുരേഷ്
ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേത്. അതിപ്പോള്‍ ആര്‍ട്ടിസ്റ്റിനെ ട്രീറ്റ് ചെയ്യുന്ന രീതിയില്‍ ആയാലും, മൊത്തത്തിലുള്ള പ്രൊഡക്ഷന്റെ കാര്യത്തിലായാലും, ഷൂട്ടിങ്ങ് ഷെഡ്യൂളിന്റെ കാര്യത്തിലാണെങ്കിലും അവിടുത്തെ സെറ്റും ആര്‍ട്ട് വര്‍ക്കും എങ്ങനെ നോക്കിയാലും ഒരു പോസിറ്റീവ് ആയിരുന്നു., ഗോകുല്‍ സുരേഷ് പറഞ്ഞു
നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ഈ വര്‍ഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ചിത്രം. ചിത്രത്തിന്റെ കുറച്ച് റഫറന്‍സ് വിഷ്വല്‍സുകള്‍ കണ്ടിരുന്നുവെന്നും ചിത്രം തീര്‍ച്ചയായും ഒരു മാസ്സ് എന്റര്‍ടൈനര്‍ ആണെന്നും സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍ നേരത്തെ ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.
ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. ഷാന്‍ റഹ്‌മാനൊപ്പം, ജേക്സ് ബിജോയിയും ചിത്രത്തിന് സംഗീതമൊരുക്കുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യുസിക് സ്വന്തമാക്കിയിരുന്നു.
എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. 'കുറുപ്പ്', 'സീതാരാമം', എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.