Film Talks

വേഷം മാറി മുങ്ങിനടക്കുന്ന കുറുപ്പിനെ ലീക്ക് ആക്കുന്നവരോട് ദുല്‍ഖര്‍, ലൊക്കേഷനില്‍ ഇനി കര്‍ശന നിയന്ത്രണം

THE CUE

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന കുറുപ്പ് എന്ന ചിത്രം 2020ലെ കാത്തിരിക്കുന്ന സിനികമളിലൊന്നാണ്. ബോളിവുഡിനും തമിഴിലും തെലുങ്കിനുമായി നല്‍കിയ ഡേറ്റുകള്‍ മൂലം മലയാളത്തില്‍ വലിയ ഇടവേള സംഭവിച്ച ദുല്‍ഖര്‍ സല്‍മാന് ബോക്‌സ് ഓഫീസ് തിരിച്ചുവരവിനുള്ള ചിത്രമായും കുറുപ്പിനെ ആരാധകര്‍ വിലയിരുത്തുന്നു. ദുല്‍ഖര്‍ സല്‍മാനെ ലാലു എന്ന കഥാപാത്രമായി ക്യാമറയ്ക്ക് മുന്നിലേക്ക് ആദ്യമെത്തിച്ച ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. പാലക്കാട്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായി സിനിമയുടെ ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തുമ്പോള്‍ നിര്‍മ്മാതാവ് കൂടിയായ ദുല്‍ഖറിന് തലവേദനയായിരിക്കുന്നത് സിനിമയുടെ ലീക്ക് ആയ ചിത്രങ്ങളാണ്. പല ലുക്കില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുന്ന സുകുമാരക്കുറുപ്പിന്റെ ഗെറ്റപ്പുകള്‍ പലതും സാമൂഹിക മാധ്യമങ്ങളില്‍ ലീക്ക് ആയി. മുടി നീട്ടിവളര്‍ത്തി വിന്റേജ് ലുക്കിലുള്ള ഡിക്യുവും, സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ലുക്കുമെല്ലാം പുറത്ത് വന്നതാണ് ലൊക്കേഷനില്‍ ഇനി നിയന്ത്രണങ്ങള്‍ വരുത്താമെന്ന തീരുമാനത്തിലേക്ക് ടീമിനെ എത്തിച്ചത്.

മലയാളികളെ ദശാബ്ദങ്ങളായി പിടികൂടിയിരിക്കുന്ന കഥയുടെ പുനരവതരണത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും, സിനിമാ രൂപത്തില്‍ സംഭവ കഥയെ അവതരിപ്പിക്കാനുള്ള തീവ്രയത്‌നത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിത്രങ്ങള്‍ ലീക്ക് ആകുന്നത് സിനിമയെ തകര്‍ക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ലൊക്കേഷനില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും ലീക്ക് ആയ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കരുതെന്നും ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകരിലേക്ക് സിനിമ പുതുമയോടെ എത്തിക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ദുല്‍ഖര്‍ അഭ്യര്‍ത്ഥിക്കുന്നു. ചിത്രങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ലൊക്കേഷനില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും ഡിക്യു.

അഹമ്മദാബാദിലാണ് സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം. സിനിമയിലെ നിര്‍ണായ ഭാഗങ്ങളാണ് അഹമ്മദാബാദില്‍ ചിത്രീകരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യവും തിരോധാനവും പ്രമേയമാകുന്ന കുറുപ്പ് പീരിഡ് സിനിമയാണ്. പാലക്കാട്ട് ആയിരുന്നു ആദ്യഘട്ട ചിത്രീകരണം. 35 വര്‍ഷം മുമ്പ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്ററ്റീവ് ചാക്കോയായി ടൊവിനോ തോമസാണ് അഭിനയിക്കുന്നത്. ടൊവിനോയുടെ ഗസ്റ്റ് അപ്പിയറന്‍സാണ് സിനിമയില്‍.

ഇന്ദ്രജിത്ത് സുകുമാരന്‍ ആണ് പോലീസ് ഓഫീസറുടെ റോളില്‍ ചിത്രത്തില്‍ എത്തുന്നത്. തന്നെ സിനിമയില്‍ നായകനായി അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രനൊപ്പം സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ദുല്‍ഖര്‍ കൈകോര്‍ക്കുന്ന സിനിമയുമാണ് കുറുപ്പ്. ലൂക്കാ ക്യാമറയില്‍ പകര്‍ത്തിയ നിമിഷ് രവിയാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീത സംവിധാനം. വിനി വിശ്വലാല്‍ ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ്.

എം സ്റ്റാര്‍ ഫിലിംസിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രവുമാണ് കുറുപ്പ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തിലുണ്ട്. ശോഭിതാ ധൂലിപാലയാണ് നായിക.

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് ദുല്‍ഖര്‍ കുറുപ്പ് രണ്ടാം ഘട്ട ചിത്രീകരണത്തിന് ജോയിന്‍ ചെയ്തത്. ശോഭന, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അനൂപ് സത്യന്‍ ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ സല്‍മാന്‍ ആണ്. കുറുപ്പിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചിത്രം, ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്നിവയാണ് ദുല്‍ഖറിന്റെ പ്രൊജക്ടുകള്‍.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT