സമയവും പണവും പാഴാകുമെന്ന് മനസിലായാല്‍ അത്തരം സിനിമകളെ തിരസ്‌കരിക്കുന്നവരാണ് മലയാളികളെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇന്റലിജന്‍സിനെ ചോദ്യം ചെയ്യുന്ന സിനിമകളും വിജയിക്കില്ല. ദ സോയാ ഫാക്ടര്‍ എന്ന പുതിയ ബോളിവുഡ് റിലീസിന്റെ പ്രചരണത്തിനായി അനുപമാ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഞങ്ങളുടേത് ചെറിയ ഇന്‍ഡസ്ട്രിയാണ്. 150 മുതല്‍ 200 സ്‌ക്രീന്‍ വരെ റിലീസിന് കിട്ടിയാല്‍ അതാണ് വലിയ റിലീസിംഗ്. 25-80 സ്‌ക്രീനുകളില്‍ സിനിമ ഓടിക്കാനായാല്‍ തന്നെ ലാഭകരമാകും. കേരളത്തിലും മിഡില്‍ ഈസ്റ്റിലും ഉള്ള ഓഡിയന്‍സ് ആണ് അവര്‍ക്ക് എന്ത് വേണമെന്ന് തീരുമാനിക്കുന്നത്. ഇന്ററലിജന്‍സിനെ ചോദ്യം ചെയ്യുന്ന സിനിമയാണെങ്കില്‍ അവരത് കാണില്ല. സമയവും പണവും കളയുന്ന സിനിമയാണെങ്കിലും അതും കാണില്ല. അതേ സമയം കാമ്പുള്ള സിനിമകയാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത് സ്വീകരിക്കപ്പെടും. കുമ്പളങ്ങി നൈറ്റ്‌സ് ഒക്കെ ആ നിലയില്‍ വിജയിച്ചതാണ്.ദുല്‍ഖര്‍ സല്‍മാന്‍
തെലുങ്ക്, തമിഴ്, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായപ്പോള്‍ മലയാളത്തില്‍ വലിയ ഇടവേള വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 2018ലും 2019ലുമായി ഇതുവരെ ദുല്‍ഖര്‍ പ്രേക്ഷകരിലെത്തിയത് മൂന്ന് സിനിമകളിലാണ്. അതില്‍ രണ്ടും ഇതരഭാഷാ ചിത്രങ്ങള്‍. മഹാനടിയും കര്‍വാനും. യമണ്ടന്‍ പ്രണയകഥയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം കുറുപ്പ് ചിത്രീകരണം ആരംഭിച്ചിട്ടുമില്ല. ഈ ഓണത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍. ഓണം റിലീസുകള്‍ക്ക് പിന്നാലെ സെപ്തംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.
സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഖാന്‍ കഥാപാത്രസാന്നിധ്യമാകുന്ന നോവല്‍ ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ആദ്യം സിനിമയ്ക്കായി വാങ്ങിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ അഭിഷേക് ശര്‍മ്മ സംവിധാനം ഏറ്റെടുത്തു.
റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സോയാ ഫാക്ടര്‍. തേരേ ബിന്‍ ലാദന്‍, ഷൗക്കീന്‍സ്, പരമാണു എന്നീ സിനിമകളുടെ സംവിധായകനാണ് അഭിഷേക് കപൂര്‍. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച കാര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍. സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു.