ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നെയ്മർ'. ജോ ആന്‍ഡ് ജോ'ക്ക് ശേഷം മാത്യു തോമസും നസ്ലെനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചത്.
നായക്ക് നമ്മളോട് അറ്റാച്ച്മെന്റ് വന്നാൽ അത് അവരുടെ മുഖത്തു നിന്ന് മനസിലാക്കാൻ പറ്റുമെന്നും നായക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ എന്ന് സുധിമാഡിസൺ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നായയെ ഒരിക്കലും അഭിനയിപ്പിക്കാൻ പറ്റില്ല. അവരോട് ഇത് ഇമോഷണൽ സീനാണ്.ഇവിടെ ചിരിക്കണം, ഇവിടെ കരയണം എന്നൊന്നും പറയാൻ പറ്റില്ല. അവർക്ക് ജീവിക്കാനേ അറിയൂ. നമ്മളോട് അറ്റാച്മെന്റ്റ് വന്ന് കഴിഞ്ഞാൽ നമുക്ക് വിഷമം വന്നാൽ അവരുടെ മുഖത്ത് അറിയാൻ പറ്റും. അത് ജെനുവിനായിട്ട് സംഭവിക്കുന്നതാണ്.സുധി മാഡിസൺ
'ഓപ്പറേഷന്‍ ജാവ'എന്ന സിനിമയ്ക്ക് ശേഷം പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. ചിത്രത്തില്‍ ഒമ്പതോളം പാട്ടുകളാണ് ഉള്ളത്. ഷാന്‍ റഹ്‌മാനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീതം. ദേശീയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.
നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്‌സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും രഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.