പതിവ് ഭാവപ്രകടനങ്ങളില്‍ നിന്ന് മാറി പുതുമയോടെ വേണം 'സൂരറൈ പോട്രി'ലെ മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനെന്ന് സംവിധായിക സുധ കൊങ്കര പറഞ്ഞിരുന്നതായി സൂര്യ. അതുകൊണ്ടുതന്നെ പുരികം ചുളിക്കല്‍ പോലെയുളള, മുന്‍ ചിത്രങ്ങളില്‍ കണ്ട മാനറിസങ്ങള്‍ 'സൂരറൈ പോട്രി'ല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ചിരി കണ്ണില്‍ മതിയെന്നും സംവിധായിക പറഞ്ഞിരുന്നെന്ന് സൂര്യ 'ദ ക്യു'വിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഈ സിനിമ എന്റെ വ്യക്തിജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണ്. വിജയത്തിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ സിനിമയിലെ കഥാപാത്രം ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. സമാനമായ ബുദ്ധിമുട്ടുകളും ഒറ്റപ്പെടലുമൊക്കെ ജീവിതത്തില്‍ ഞാനും അഭിമുഖീകരിച്ചിട്ടുണ്ട്. കോളേജ് കഴിഞ്ഞുള്ള രണ്ട് മൂന്ന് വര്‍ഷം ഞാന്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു. നമ്മള്‍ വിജയം നേടും വരെ നമ്മുടെ സ്വപ്നങ്ങളെ ആരും വിശ്വസിക്കില്ല'. സൂര്യ പറയുന്നു.
ഒരു വര്‍ഷം നീണ്ട പരിശീലനങ്ങളാണ് സൂര്യ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് സംവിധായിക നല്‍കിയത്. ചിത്രത്തില്‍ കഥാപാത്രത്തിന്റെ പതിനെട്ട് വയസിലുളള ചെറുപ്പകാലം ചെയ്യുന്നതും സൂര്യ തന്നെയാണ്. അതിനായി 27 ദിവസത്തെ ഡയറ്റിലൂടെ ഭാരം കുറയ്‌ക്കേണ്ടിവന്നെന്നും സൂര്യ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത 'സൂരറൈ പോട്രി'ന് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ്. ഇത് സൂര്യയുടെ തിരിച്ചുവരവാണെന്നും പ്രേക്ഷകര്‍ പറയുന്നു. മാധവന്‍ പ്രധാന വേഷത്തിലെത്തിയ ' ഇരുതി സുട്ര് ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കാര. സംവിധായികയുടെ പ്രയത്‌നത്തിന്റെ ഫലം ഓരോ രംഗങ്ങളിലും പ്രകടമാണെന്നും സിനിമ കണ്ട പ്രേക്ഷകര്‍ വിലയിരുന്നുന്നു. നവംബർ 12, രാത്രി 12 മണിയ്ക്ക് ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്.
Director suggests to avoid all regular mannerisms in 'Soorarai potru', Suriya, Aparna balamurali interview