Film Talks

'ഇവരാണല്ലോ മീഡിയ പഠിപ്പിക്കുന്നത്'; സിനിമയെടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടതില്‍ അഭിമാനം, സംവിധായകന്‍ ജിയോ ബേബി പറയുന്നു

ഹോമോസെക്ഷ്വാലിറ്റിയെ പിന്തുണച്ച് ഒരു ഷോര്‍ട്ട് ഫിലിമെടുത്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുക, അതും ഒരു എംഎ സിനിമ ആന്‍ഡ് ടെലിവിഷന്‍ വിദ്യാര്‍ഥിയെ. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ സംവിധായകനെ. പുതിയ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് കോളേജ് മാനേജ്‌മെന്റിന്റെ കീഴിലുള്ള റേഡിയോയില്‍ അതിഥിയായി ക്ഷണിക്കപ്പെടുന്നു. താന്‍ പഠിച്ച ക്യാമ്പസിനെക്കുറിച്ചുള്ള ബഹുമാനം നിര്‍ത്തിക്കൊണ്ട് ആശംസകള്‍ അറിയിച്ചുകൊണ്ട് തന്നെ ആ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു നിര്‍ത്തിയത് 'ഇനിയൊരിക്കലും അവിടെ നിന്ന് ആരെയും ഇറക്കിവിടാതിരിക്കപ്പെടട്ടെ'യെന്നാണ്. പക്ഷേ ആ വാചകം മാത്രം പുറം ലോകമറിയുന്നില്ല.

ടൊവിനോ നായകനായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ചിത്രമൊരുക്കിയ ജിയോ ബേബിയുടെ അനുഭവമാണിത്. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ 'കുഞ്ഞുദൈവം', 'രണ്ട് പെണ്‍കുട്ടികള്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ 2007ലായിരുന്നു ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ എം.എ സിനിമ ആന്‍ഡ് ടെലിവിഷന്‍ പഠനകാലത്ത് 'സീക്രട്ട് മൈന്‍ഡ്‌സ്' എന്ന ഹ്രസ്വചിത്രം ഒരുക്കിയതും പുറത്താക്കപ്പെടുന്നതും. വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് ഇറക്കിവിടപ്പെട്ട ഒരു വ്യക്തി, അതിഥിയായിട്ട് വരുകയും പിന്നീട് എന്തിനായിരുന്നു ഇറക്കിവിട്ടത് എന്ന ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്താല്‍ അത് സ്ഥാപനത്തിന് തന്നെ നാണക്കേടായേക്കാം എന്ന ചിന്തയായിരിക്കും തന്റെ വാക്കുകള്‍ അഭിമുഖത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് ജിയോ 'ദ ക്യു'വിനോട് പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല എന്ന സുപ്രീം കോടതിയുടെ ചരിത്ര വിധി വരുമ്പോഴും, അന്ന് ചെയ്തത് തെറ്റായി പോയെന്ന് തുറന്ന് പറയാനോ, ഞങ്ങളോട് സംസാരിക്കാനോ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ ചെയ്തത് തെറ്റായിരുന്നുവെന്ന് സൂചിപ്പിക്കുമ്പോള്‍ ആ ശബ്ദം കട്ട് ചെയ്ത് കളഞ്ഞ് ടെലികാസ്റ്റ് ചെയ്യുന്ന ചിന്താഗതി തന്നെ സമൂഹത്തിന് അപകടകരമാണ്, ഇവര്‍ തന്നെയാണ് എന്നിട്ട് പുതുതലമുറയെ മീഡിയയെക്കുറിച്ച് പഠിപ്പിക്കുന്നതും.
ജിയോ ബേബി

കോളേജില്‍ ഷൂട്ട് ചെയ്യാന്‍ പെര്‍മിഷന്‍ ചോദിച്ചില്ല, പെര്‍മിഷന്‍ ഇല്ലാതെ ഫെസ്റ്റിവലിന് അയച്ചു തുടങ്ങിയ തെറ്റുകള്‍ തങ്ങളുടെ ഭാഗത്തുണ്ടായിരുന്നു എന്നാല്‍ അതൊന്നുമല്ലായിരുന്നു പുറത്താക്കുന്നതിന് കാരണം, ഹോമോസെക്ഷ്വാലിറ്റിയെ പിന്തുണയ്ക്കുന്ന, ന്യൂഡിറ്റിയുള്ള ഒരു ചിത്രം എടുത്തു. അതിന് മേലുള്ള കപടസദാചാര പ്രശ്‌നം കൊണ്ട് മാത്രമായിരുന്നു നാല് വിദ്യാര്‍ഥികളെ അതിന്റെ പേരില്‍ പുറത്താക്കിയത്. അന്ന് തന്നെ പുറത്താക്കിക്കോളു മറ്റുള്ളവരെ തിരിച്ചെടുക്ക് എന്ന് പറഞ്ഞു നോക്കിയിരുന്നു, പക്ഷേ നടപടിയുണ്ടായില്ല. എങ്കിലും ഇപ്പോളിത് ടെലികാസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ അവരോടുള്ള ബഹുമാനം കൂടിയേനെയെന്നും ജിയോ പറഞ്ഞു.

മീഡിയ വില്ലേജ് റേഡിയോയില്‍ നിന്ന് വിളിച്ച് ഇന്റര്‍വ്യൂ ചോദിച്ചപ്പോള്‍ പണ്ട് എന്നെ അവിടെ നിന്ന് ഇറക്കിവിട്ടതാണ് അതുകൊണ്ട് അധികൃതര്‍ സമ്മതിക്കുമോ എന്നും ചോദിച്ചിരുന്നു, ഇന്റര്‍വ്യൂ അവസാനിക്കാന്‍ നേരം എനിക്ക് ആശംസകള്‍ പറഞ്ഞപ്പോള്‍ തിരിച്ച് മീഡിയ വില്ലേജിനും ആശംസകള്‍ അറിയിച്ചു, അതിനൊപ്പം ഇനി ആരെയും അവിടെ നിന്ന് ഇറക്കി വിടാതിരിക്കപ്പെടട്ടെ എന്ന് പറയുകയായിരുന്നു. പക്ഷേ അത് കട്ട് ചെയ്ത് കളഞ്ഞുകൊണ്ടാണ് ടെലിക്‌സാറ്റ് ചെയ്തത്. അന്ന് പുറത്താക്കാന്‍ നേരം ഞാന്‍ പറഞ്ഞത് നിങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ബഹുമാനം കൂടുകയെ ഉള്ളൂവെന്നായിരുന്നു. ഇപ്പോഴും അവരോട് പറയുന്നത് അതാണ് അത് ടെലികാസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ ബഹുമാനം കൂടിയേനെ...
ജിയോ ബേബി

ക്യാമ്പസിലെ പഠനരീതികളെക്കുറിച്ച് എതിര്‍പ്പില്ല, പ്രഗത്ഭരായ അധ്യാപകര്‍ അന്നും ഇന്നും ഉണ്ട്, എല്ലാ വര്‍ഷവും ഐഎഫ്എഫ്‌കെ യിലേക്ക് അവിടെ നിന്ന് കുട്ടികളെ കൊണ്ടുപോകാറുണ്ട്, അവിടെ ന്യൂഡിറ്റിയുള്ള സിനിമ കാണും, അതിനെക്കുറിച്ച് ചോദിച്ചാല്‍ അത് ഉദാത്തമായ പരിപാടിയാണെന്നും ഇവിടെ ആരെങ്കിലും ചെയ്യുമ്പോള്‍, അത് ചെയ്യാന്‍ പാടില്ലെന്ന് വാദിക്കുന്ന അരാജകവാദികളാണ് അവര്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെയാണ് ഇവരാ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. താന്‍ പഠിക്കുന്ന കാലത്ത് എയ്ഡ്‌സ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ വരച്ച ഒരു ചിത്രം അശ്ലീലമാണെന്ന് പറഞ്ഞ് ഫാദര്‍ സെബാസ്റ്റ്യന്‍ പുന്നശേരി എന്നൊരു പുരോഹിതന്‍ ചിത്രം കീറിക്കളയുകയായിരുന്നു, പിന്നീട് വിദ്യാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് സമരം ചെയ്യുകയും പുരോഹിതന്‍ മാപ്പ് പറയുകയും ചെയ്തിരുന്നുവെന്നും ജിയോ പറയുന്നു,

അവര്‍ കൊള്ളില്ല എന്ന് പറഞ്ഞ ആ സിനിമ പിന്നീട് ഒരുപാട് ഫിലിം ഫെസ്റ്റിവലുകളില്‍ തെരഞ്ഞെടുക്കപ്പെട്ടു, ആദ്യം ബാംഗ്ലൂര്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ടു, അതിന് ശേഷം ഫ്രാന്‍സ് , അമേരിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിവിധ ഹ്രസ്വചിത്രമേളകളില്‍ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് പുറത്താക്കിയതില്‍ അഭിമാനമേയുള്ളൂ, വേറൊന്നും കൊണ്ടല്ല സിനിമ എടുത്തതിന് ആണല്ലോ പുറത്താക്കിയത്
ജിയോ ബേബി

അന്ന് ക്യാമ്പസിലുണ്ടായിരുന്ന കവിയൂര്‍ ശിവപ്രസാദ് , ആശ ആച്ചി ജോസഫ് എന്നീ അധ്യാപകര്‍ ഒപ്പം നിന്നിരുന്നു.പിന്നീട് ജീവിതത്തില്‍ പോസിറ്റീവ് ആയിട്ട് വന്ന ചില തീരുമാനങ്ങള്‍ എടുക്കാന്‍ അന്നത്തെ പുറത്താക്കല്‍ കാരണമായെങ്കിലും ആ സമയത്ത് നാല് പേരും തകര്‍ന്ന് പോയിരുന്നുവെന്ന് ജിയോ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും മോശം സമയമായിരുന്നു.താന്‍ കാരണം മറ്റ് മൂന്ന് പേര്‍ കൂടി പുറത്താക്കപ്പെട്ടത് തളര്‍ത്തി. തിരിച്ചെടുക്കാന്‍ വേണ്ടി അന്ന് ചങ്ങനാശേരി അതിരൂപതയിലെ പിതാവിനെ കാണാന്‍ പോയി, പക്ഷേ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് പറയുന്നവര്‍ അന്ന് സങ്കടം കേള്‍ക്കാന്‍ പോലും നിന്നില്ല, കേട്ടിട്ട് വേണമല്ലോ തീരുമാനിക്കാന്‍. അന്ന് ആ പ്രായത്തിലും സാഹചര്യത്തിലും നിയമപരമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിഷമമുണ്ട്. ഒരുപക്ഷേ കോടതിയില്‍ പോയിരുന്നുവെങ്കില്‍ അനുകൂലസാഹചര്യമുണ്ടായേനെയെന്നും ജിയോ കൂട്ടിച്ചേര്‍ക്കുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT