ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാന്‍ വേണ്ടി സമൂഹമാധ്യമങ്ങള്‍ കാണിക്കുന്ന വളച്ചൊടിക്കലുകള്‍ അരോചകമായി തോന്നാറുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍. യുവതുര്‍ക്കി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ സിദ്ധാര്‍ത്ഥന്‍ തിഹാര്‍ ജയിലില്‍ എലിയെ കടിച്ചുപറിക്കുന്ന രംഗത്തിനായി ഒറിജിനല്‍ എലിയെയാണ് ഭദ്രന്‍ നല്‍കിയതെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുന്നത്.
'ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അര്‍ഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട്. ദയവായി സഹോദരാ ,സിനിമ കാണുക, ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോര്‍ന്നു പോകാതെ നിലനിര്‍ത്തേണ്ടത് ആ സന്ദര്‍ഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിര്‍ണായക തീരുമാനങ്ങള്‍ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ', ഭദ്രന്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
'ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാന്‍വേണ്ടി, സാമൂഹ്യമാധ്യമങ്ങള്‍ കാണിക്കുന്ന ഈ Twist & Turns പലപ്പോഴും എനിക്ക് അരോചകമായി തോന്നാറുണ്ട്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അര്‍ഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട്!
'ദയവായി സഹോദരാ ,സിനിമ കാണുക'. ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോര്‍ന്നു പോകാതെ നിലനിര്‍ത്തേണ്ടത് ആ സന്ദര്‍ഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിര്‍ണായക തീരുമാനങ്ങള്‍ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ; അല്ലെങ്കില്‍ കാണേണ്ടത്.
സ്ഫടികം സിനിമയിലെ ആടുതോമയെ അതിന്റെ എല്ലാ അര്‍ഥത്തിലും ഉള്‍കൊണ്ട്, മോഹന്‍ലാല്‍ ഏതെല്ലാം അപകട സാദ്ധ്യതകള്‍ പതിയിരുന്നിട്ടും, ചങ്കൂറ്റത്തോടെ ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം ഇന്നും അനശ്വരമായി ജീവിക്കുന്നത്.
ഹിമാലയത്തിന്റെ ചുവട്ടില്‍ നിന്ന്, മുകളിലേക്ക് നോക്കിയത് കൊണ്ട് മാത്രം ആ കൊടുമുടി കയ്യടക്കി എന്നാകില്ല. അത് കയറുക തന്നെ ചെയ്യണം. അഗ്രത്തില്‍ ചെല്ലുന്നവനെയാണ് നമ്മള്‍ ഹീറോ എന്ന് വിളിക്കുക. ..
അഭിനയിക്കാന്‍ വരുമ്പോള്‍ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവര്‍ കഥാപാത്രം ആവുകയാണെന്നു ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണ്.'