'ക്രിസ്റ്റഫർ' എന്ന സിനിമ വിചാരിച്ച തരത്തിൽ വിജയിക്കാതെ പോയത് റിവ്യു മൂലമാണെന്ന് കരുതുന്നില്ലെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ. മോശം റിവ്യു വന്നിട്ടുള്ള ചിത്രങ്ങളും ഇവിടെ ഓടിയിട്ടുണ്ട്, അതിനാൽ സിനിമയുടെ പരാജയത്തെ അതിന് മുകളിൽ വച്ച് കെട്ടേണ്ട കാര്യമില്ലെന്നും അങ്ങനെ ചെയ്താൽ സ്വയം ഒരു പുനരാലോചനയ്ക്ക് തനിക്ക് കഴിയില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചിത്രമാണ് ക്രിസ്റ്റഫർ. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍-ഉദയ കൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല, നെഗറ്റീവ് റിവ്യുസ് സിനിമ കാണാൻ ആഗ്രഹിച്ച കുറച്ചുപേരെ പിന്തിരിപ്പിക്കുകയോ ഈ സിനിമ കാണേണ്ട എന്ന കരുതിയ കുറച്ചു പേരുടെ ധാരണയ്ക്ക് ആക്കം കൂട്ടുകയോ ചെയ്തിട്ടുണ്ടാകാം, എന്നാൽ അതുകൊണ്ട് മാത്രം സിനിമയുടെ പരാജയത്തെ റിവ്യു കാരണമാണെന്ന് പറയാനാകില്ല എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ബി. ഉണ്ണികൃഷ്ണൻ പറഞ്ഞത്:
ക്രിസ്റ്റഫർ എന്ന സിനിമ വിചാരിച്ച രീതിയിൽ മാർക്കറ്റിൽ പോയിട്ടില്ല എങ്കിൽ അത് റിവ്യു മൂലമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, റിവ്യു മോശം പറഞ്ഞ സിനിമകളും ഇവിടെ ഓടിയിട്ടുണ്ടല്ലോ? ഒരുപക്ഷേ ഈ റിവ്യു കാണേണ്ട എന്ന തരത്തിൽ സിനിമയെക്കുറിച്ചുള്ള പൊതു ധാരണയെ ഇത് കുറച്ചു കൂടി ശക്തിപ്പെടുത്തിക്കാണും. ഒരുപക്ഷേ കുറേക്കൂടി ആളുകൾ വന്ന്, കാണാൻ നിന്ന ചിലരെ ആ റിവ്യൂസ് ചിലപ്പോൾ പിന്തിരിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ അതിനെ മുഴുവൻ നമുക്ക് ഇതിന്റെ മുകളിൽ വച്ച് കെട്ടിയിട്ട് കാര്യമില്ല. വച്ച് കെട്ടിയാൽ യാതൊരു വിധത്തിലുമുള്ള പുനർ വിചിന്തനവും എനിക്ക് ഉണ്ടാവില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് അതിനെ ആ രീതിയിൽ തന്നെ കാണണം. പക്ഷേ ഇതിൽ ഉള്ളടങ്ങിയിരിക്കുന്ന നിയമ പ്രശ്നങ്ങൾ ചെറുതല്ല, കനത്ത നിയമ പ്രശ്നങ്ങൾ ഇതിനകത്തുണ്ട്. അത് ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലാണ്. അതിനകത്തൊരു തീരുമാനം വരുന്നതിന് അനുസരിച്ച് ഈ കാര്യങ്ങൾ റീ ഡിഫെെൻ ചെയ്യപ്പെടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനനും ഒന്നിച്ച ചിത്രമാണ് ക്രിസ്റ്റഫര്‍. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.