മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും, സംവിധായകൻ ഡിജോ ജോസ് ആന്റണിയും, നടൻ നിവിൻ പോളിയും. മലയാളി ഫ്രം ഇന്ത്യയുടെ കഥ താൻ ചെയ്യാനിരുന്ന സിനിമയാണ് എന്ന് പറഞ്ഞു കൊണ്ട് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വന്നിരുന്നു. മലയാളി ഫ്രം ഇന്ത്യയുടെ റിലീസിന് തൊട്ട് തലേ ദിവസമാണ് നിഷാദ് കോയ തന്റെ ഫേസ്‌ബുക്കിലൂടെ ചിത്രത്തിന്റെ കഥ കുറിച്ചിട്ടത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. സിനിമയുടെ റിലീസിന് തലേന്ന് വൈകീട്ട് മാത്രം ഈ ആരോപണം കൊണ്ട് വന്നതിൽ വിയോജിപ്പ് അറിയിക്കുകയാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഇൻഡസ്ട്രിയിൽ തന്നെ ഉള്ള ഒരാൾ, ഒരു കോൾ കൊണ്ട് നേരിൽ കാണാൻ സാധിക്കുന്ന ആളുകളുടെ ഇടയിൽ നിന്നുള്ള ഒരാൾ ഇത് ചെയ്യാൻ പാടില്ല എന്ന് ലിസ്റ്റിൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്;
എബിയും വിമാനവും ഇതിന് മുൻപ് ഇതേപോലെ ഇഷ്യൂ ഉണ്ടായിട്ടുള്ളതാണ്. അന്ന് കേസ് പോയി. കഥ ആർക്കും ചിന്തിക്കാവുന്നതാണ് എന്നാണ് കോടതി അന്ന് വിധി പറഞ്ഞത്. അത് എത്രയോ ദിവസങ്ങൾ മുൻപ് കഥ അറിഞ്ഞത് കൊണ്ടാണ്. ഇത് പടം റിലീസിന് തൊട്ട് മുൻപ് തലേ ദിവസം വൈകീട്ട് ഈ പോസ്റ്റ് ഇട്ടത് ഇൻഡസ്ട്രിക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. കാരണം അദ്ദേഹത്തിന് ഞങ്ങൾ മൂന്ന് പേരെയും അറിയാമായിരുന്നു. അല്ലെങ്കിൽ അതിന് മുൻപ് മീഡിയേറ്റേഴ്‌സിനെ വയ്ക്കാമല്ലോ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതിപ്പെടാം, ഫെഫ്കയിൽ ചെല്ലാം. സിനിമ ഇൻഡസ്ട്രിയ്ക്ക് തന്നെ നാണക്കേടായി ഇത്. അദ്ദേഹവും ഇത്രയും പടങ്ങൾ ചെയ്തൊരു എഴുത്തുകാരനല്ലേ. ഇങ്ങനെയാണോ ഒരു കാര്യത്തെ ഫേസ് ചെയ്യേണ്ടത്? ഞാൻ അസോസിയേഷനിലും ഫെഫ്കയിലും സംസാരിച്ചു. ഇത് വളരെ മോശമായിപ്പോയി എന്ന് പറഞ്ഞിട്ടാണ് ആ പോസ്റ്റ് പിൻവലിച്ചത്. നാളെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കഥ വളരെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള, കുറെ സിനിമകൾ ചെയ്തിട്ടുള്ള റൈറ്റർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കൂടെയാണ് അത് കുറിക്കേണ്ടത്? ഇത് ഒന്നേകാൽ വർഷം മുൻപ് തുടങ്ങിയ സിനിമയാണ്.അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ട് എന്നല്ല. അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കഥ ആയിരിക്കാം ഇത്. പക്ഷെ ഇത്രയും ദിവസം ഇതിനുണ്ടായിരുന്നു. സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഒരാൾ ഇങ്ങനെ ചെയ്യാൻ പാടില്ല. ഒരു കോളിൽ വിളിച്ചാൽ കാണാൻ കഴിയുന്ന ആളുകളുടെ ഇടയിൽ നിന്നുള്ള ഒരാൾ ഇത് ചെയ്യാൻ പാടില്ല.
സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉള്ളിൽ എത്രയോ കഥകൾ വന്നു പോകും. ആരാദ്യം ചെയ്യുന്നു എന്നുള്ളതാണ്. എന്റെ ക്വീൻ എന്ന ചിത്രവും, ഒമറിന്റെ ചങ്ക്‌സും ഒരേ പ്രമേയമല്ലേ? വേറെ ഒരു സിനിമ അന്നൗൺസ് ചെയ്തിരുന്നു മെക്ക് റാണി എന്ന് പറഞ്ഞ്. എനിക്കറിയാം മൂന്ന് സിനിമ പാരലലി വന്നാലും പ്രേക്ഷകർ എല്ലാം എടുക്കും എന്ന് എന്ന് ഡിജോ കൂട്ടിച്ചേർത്തു.
കഥ കേൾക്കുന്നവർ എന്ന നിലയിൽ, എപ്പോഴും സംഭവിക്കുന്നതാണ് ഇത്. ഒരേ പ്രണയകഥ എത്ര പേർക്ക് ആലോചിക്കാം? അങ്ങനെ വരുമ്പോൾ അവരോട് കഥ പറയൽ നിർത്താൻ പറയും. ഇത് പോലെ ഒരു കഥ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്ന് പറയും. അത്രയല്ലേ നമുക്ക് ചെയ്യാൻ പറ്റൂ?നിവിൻ പോളി
മെയ് ഒന്നിനാണ് ,മലയാളീ ഫ്രം ഇന്ത്യ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളാണ് ലഭിച്ചത്. ചിത്രം 2.75 കോടി കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിവസം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്.