സംവിധായകൻ സിദ്ദീഖിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് പൊറാട്ട് നാടകമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമയുടെ ചിത്രീകരണത്തിൽ സിദ്ദീഖ് സാറിന്റെ നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഷോകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടില്ല. സിദ്ദീഖ് അവതരിപ്പിക്കുന്ന സിനിമയുടെ ഭാഗമാകാൻ സാധിച്ചത് വലിയ കാര്യമായിട്ടാണ് തോന്നുന്നത്. സിനിമയുടെ ഡബ്ബിങ് സമയത്താണ് അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നത്. പൊറാട്ട് നാടകം എന്ന സിനിമയുടെ പിറകിൽ ഇപ്പോഴും അദ്ദേഹം ഉണ്ടെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധർമജൻ ബോൾഗാട്ടി പറഞ്ഞു.
സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകം ഒക്ടോബർ 18 ന് തിയറ്ററുകളിലെത്തും. സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ഓഗസ്റ്റ് 9 നാണ് മുമ്പ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ വയനാട്ടിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിൻ്റേയും, ദുരന്തത്തിൻ്റേയും പശ്ചാത്തലത്തിൽ റിലീസ് തീയതി മാറ്റി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ധർമ്മജൻ ബോൾഗാട്ടി പറഞ്ഞത്:
സിദ്ദീഖ് സാറിന്റെ അവസാനത്തെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം'. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് സംവിധാനം ചെയ്യുന്നത്. അത് എഴുതുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ. അവൻ എന്നെ അതിലേക്ക് വിളിച്ച് വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രം തരുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. നീയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് എന്നെ ഏൽപ്പിക്കുകയായിരുന്നു. അതൊരു വലിയ ഉത്തരവാദിത്തമാണ്. സിദ്ദീഖ് സാറിന്റെ ഷോയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല. അദ്ദേഹം ഓരോ സീനും കണ്ട് നിർദ്ദേശം നൽകിയ സിനിമയാണ് 'പൊറാട്ട് നാടകം'. സംവിധായകൻ ചിത്രീകരിച്ച സീനുകൾ കണ്ടിട്ട് വേണ്ടെങ്കിൽ വേണ്ട എന്നോ റീഷൂട്ട് വേണമെങ്കിൽ വേണം എന്നോ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമയുടെ ഡബ്ബിങിനിടയിലാണ് അദ്ദേഹം ഞങ്ങളെ വിട്ടുപോകുന്നത്. സിദ്ദീഖ് സാറാണ് സിനിമയ്ക്ക് ഈ പേരിട്ടതെന്ന് നേരത്തെ പറഞ്ഞല്ലോ. ഈ സിനിമയുടെ പുറകെ അദ്ദേഹം ഉണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹം ഈ സിനിമയ്ക്ക് പിന്നിലുണ്ട്.