'ദി കേരള സ്റ്റോറി' എന്ന സിനിമ വളരെ വിവാദം ഉണ്ടാക്കിയ സിനിമയാണെങ്കിലും അതിന്റെ നെഗറ്റീവ് പബ്ലിസിറ്റി കാരണം സിനിമക്ക് നല്ല കളക്ഷൻ ലഭിച്ചെന്ന് തിയറ്റർ ഉടമയും ഫിയോക് പ്രതിനിധിയുമായ സുരേഷ് ഷേണായ്. സാധാരണ രീതിയിലാണ് ആ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ വളരെ തുച്ഛമായ കളക്ഷനെ ഉണ്ടാക്കുമായിരുന്നുള്ളു. ചിത്രത്തിൽ അറിയപ്പെടുന്ന സ്റ്റാർ കാസ്റ്റ് ഇല്ല, സംവിധായകനെ ആർക്കും അറിയില്ല അങ്ങനെയൊരു ചിത്രം പരമാവധി 10 കോടിയെ ഓൾ ഇന്ത്യ കളക്ഷനെ നേടുമായിരുന്നുള്ളു. പക്ഷെ വിവാദങ്ങൾ കാരണം പ്രേക്ഷകർക്ക് കാണാനുള്ള ആഗ്രഹം കൂടിയെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഷേണായ് പറഞ്ഞു.
ഞാൻ സിനിമ കണ്ടിരുന്നു രണ്ടാം പകുതിയിലുള്ള ഇമ്പാക്ട് വളരെ സ്ട്രോങ്ങ് ആണ്. ഒരു നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ഇത്ര വിവാദത്തിലേക്ക് പോയത്. നെഗറ്റീവോ പോസിറ്റീവോ ആയിക്കോട്ടെ അത് സിനിമക്ക് കളക്ഷൻ ഉണ്ടാക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ആദ്യമായിട്ടല്ല ഇങ്ങനത്തെ സിനിമകൾ ഇവിടെ വരുന്നത്. ഓ ടി ടി യിൽ ഇതുപോലത്തെ നിരവധി സിനിമകളും സീരീസുകളും കാണാൻ കഴിയും.സുരേഷ് ഷേണായ്
കേരള സ്റ്റോറിയിൽ കണ്ടെന്റില്ല എന്നൊരിക്കലും പറയാൻ പറ്റില്ല കാരണം അതൊരു ഫാക്ട് ആണ്. കേരളത്തിൽ നടക്കുന്ന കഥയാണ് ഇത്, ആളുകളിൽ ISIS ലേക്ക് പോകാൻ നിർബന്ധിതരാകുകയാണ് അതിൽ ഒരു സംശയവുമില്ല. ചിത്രത്തിന്റെ കഥപറച്ചിലും രണ്ടാം പകുതിയിൽ കഥാനായികക്കും കുടുംബത്തിനും ഉണ്ടാകുന്ന ഇമ്പാക്ട് ഒക്കെ നന്നായി കാണിച്ചിട്ടുണ്ടെന്നും അതിനാൽ ആണ് സിനിമ വർക്ക് ആയതെന്നും സുരേഷ് ഷേണായ് കൂട്ടിച്ചേർത്തു.
സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ദി കേരള സ്റ്റോറി'യിൽ ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയയത്. കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐഎസ്ഐഎസിലേക്ക് കൊണ്ട് പോയെന്ന് പ്രചരിപ്പിച്ച് എത്തിയ സിനിമ പിന്നീട് 32000, മൂന്നാക്കി മാറ്റിയിരുന്നു.