Film Talks

'അവൻ എന്നെ കാണുമ്പോൾ പേടിക്കണം അതിന് വേണ്ടി ഞാൻ അവനോട് പരുഷമായി പെരുമാറി'; കാഴ്ചയിലെ കൊച്ചുണ്ടാപ്രിയെ കണ്ടെത്തിയതിനെക്കുറിച്ച് ബ്ലെസി

'കാഴ്ച' എന്ന ചിത്രത്തിലെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി യാഷ് ​ഗാവ്ലിയെ തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കാഴ്ച. ​ഗുജറാത്തി ഭുകമ്പത്തിൽ മതാപിതാക്കളെ നഷ്ടപ്പെട്ട് കേരളത്തിൽ എത്തുന്ന ഒരു ബാലന്റെ കഥയാണ് കാഴ്ചയുടെ ഇതിവൃത്തം. ഭാഷ അറിയാത്ത ഒരു കുട്ടി തന്നെ വേണം കൊച്ചുണ്ടാപ്രി എന്ന കഥാപാത്രം ചെയ്യാനെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ യാഷിനെക്കൊണ്ട് അഭിനയിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

യഷിന്റെ കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം യഷിനോട് അത്രത്തോളം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്ന ഒരാളായിരുന്നില്ല. വളരെ കുട്ടിയായിരുന്നു അവൻ. പക്ഷേ ഞാൻ അവനെ സെലക്ട് ചെയ്യുന്നത് അവൻ സ്കൂളിൽ നടത്തിയ ചില പ്രകടനങ്ങളൊക്കെ എനിക്ക് അയച്ചു തന്നത് കണ്ടിട്ടാണ്. അതിൽ ഇവന്റെ ഡാൻസും മറ്റ് കാര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാളുപരി മറ്റൊരു കുട്ടി ഡാൻസ് ചെയ്യുമ്പോൾ സ്റ്റേജിന്റെ ഒരു വശത്തായി നിൽക്കുന്ന ഇവൻ കാല് വച്ച് താളം പിടിക്കുന്നത് ഞാൻ കണ്ടു. അതിനാണ് ഞാൻ അവന് മാർക്ക് കൊടുത്തത്. കൊച്ചു കുട്ടികളൊന്നും സാധാരണ ​ഗതിയിൽ അങ്ങനെ ചെയ്യാറില്ല. കാല് വച്ച് അവൻ താളം പിടിച്ചത് വളരെ ഇന്ററസ്റ്റിം​ഗ് ആയി എനിക്ക് തോന്നി, അതായിരുന്നു അവനെ ആദ്യമായി സെലക്ട് ചെയ്യാനുള്ള കാരണം.

പിന്നെ തീർത്തും ഭാഷയറിയാത്ത ഒരു കുട്ടി തന്നെയായിരിക്കണം വരേണ്ടത് എന്നത് കൊണ്ട് തന്നെ അത് വലിയൊരു പരീക്ഷണവും വെല്ലുവിളിയുമായിരുന്നു. പലപ്പോഴും പാളിപ്പോകുമെന്ന് തോന്നിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു, ശരിക്കും പറഞ്ഞാൽ പീഡനം എന്നൊക്കെ പറയാം. കച്ചിൽ പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് ഇടയിൽ പോയി അവൻ നിന്ന് കരയുന്ന സീൻ എടുക്കുന്നതിന് മുന്നേ ഞാൻ അവന്റെ മാതാപിതാക്കളോട് പറഞ്ഞു. ഞാൻ അവനോട് വളരെ ഹാർഷായി പെരുമാറും വഴക്ക് പറയും ചീത്ത വിളിക്കും. വേറൊന്നും കൊണ്ടല്ല അവൻ എന്നെ കാണുമ്പോൾ പേടിക്കണം. അവന്റെ കണ്ണിൽ എന്നോടുള്ള ഭയവും വെറുപ്പും ഒക്കെ തോന്നണം. അല്ലാതെ അവന്റെ അടുത്ത് കഥ പറഞ്ഞ് കൊടുക്കാൻ പറ്റില്ല. നിന്റെ മാതാപിതാക്കൾ നഷ്ടപ്പെട്ടു, നീ ഇവിടെയാണ് ജീവിച്ചിരുന്നത് എന്നൊക്കെ പറഞ്ഞാൽ അതിനനുസരിച്ചുള്ള ഒരു ഭാവത്തിലേക്ക് ആ കുട്ടിക്ക് എത്താൻ സാധിക്കില്ല. അത് നമ്മളാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ എന്നെ കണ്ട് കഴിഞ്ഞാൽ‌ അവന് വളരെ പ്രയാസം തോന്നുന്ന തരത്തിലുള്ള ഒരാളായി ഞാൻ മാറുകയും ചെയ്തു. ഇവനെക്കൊണ്ട് ഞാൻ അവിടെയെല്ലാം ഇട്ട് ഓട്ടിക്കും. ഓടി വന്ന് ആ കിതപ്പ് മാറുന്നതിന് മുമ്പായിട്ട് ഞാൻ ആ സീൻ ചെയ്യിപ്പിക്കും. വീടിനുള്ളിലേക്ക് കയറുമ്പോൾ അവൻ പേടിച്ച് കരയുന്നുണ്ട്, അത് എങ്ങനെയാണ് അവനെ കൊണ്ട് ചെയ്യിപ്പിക്കുക? പറഞ്ഞാൽ അവന് മനസ്സിലാക്കാൻ സാധിക്കില്ലല്ലോ? അതുകൊണ്ട് ക്യാമറ വരാത്ത ആം​ഗിളുകൾ നോക്കി ഞങ്ങൾ ആളുകളെ നിർത്തി. ഇവൻ കയറി വരുമ്പോൾ അവർ കിടന്ന് ശബ്ദമുണ്ടാക്കി. അവൻ ശരിക്കും പേടിച്ചു പോയി. അങ്ങനെയാണ് ആ ഷോട്ട് എടുത്തത്. ബ്ലെസി പറഞ്ഞു

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT