സുകുമാരന് എന്തിനേയും വളരെ ടെക്‌നിക്കലായിട്ടായിരുന്നു സമീപിക്കാറ്, ആ ക്വാളിറ്റിയാണ് അച്ചനില്‍ നിന്ന് പൃഥ്വിരാജിന് കിട്ടിയതെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. വിടുവാ പറയുന്ന സ്വഭാവമൊന്നും സുകുമാരന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വളരെ ടെക്‌നിക്കലായിട്ടായിരുന്നു എന്തിനേയും സമീപിക്കാറെന്നും ബാലചന്ദ്രമേനോന്‍ ഓര്‍ക്കുന്നു. ഫിലിമി ഫ്രൈഡെ എന്ന യൂട്യൂബ് ചാനലില്‍ ബാലചന്ദ്രമേനോന്‍ അറ്റ് കോടമ്പാക്കം എന്ന സെഗ്മെന്റില്‍ സുകുമാരനൊപ്പമുളള ഓര്‍മ്മകള്‍ക്കൊപ്പമാണ് ബാലചന്ദ്രമേനോന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്തുകൊണ്ട് സുകുമാരന്‍ എന്ന നടനെ ഒരു ടെക്‌നിക്കല്‍ ആക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നു എന്നതിന് ധാരാളം കാരണങ്ങള്‍ പറയാനുണ്ട് ബാലചന്ദ്രമേനോന്. 'അദ്ദേഹം സെറ്റില് വന്നുകഴിഞ്ഞാല്‍ ആദ്യം അസോസിയേറ്റ് ഡയറക്ടറെ സോപ്പിട്ട് സ്‌ക്രിപ്റ്റ് എടുത്തു നോക്കുമായിരുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ സീനുകള്‍ ചേര്‍ത്തെടുത്ത് വയ്ക്കും. കടയില്‍ തൂക്കുന്നപോലെ കയ്യില്‍ വെച്ച് തൂക്കിക്കാണിക്കും. എന്നിട്ട് പറയും, ഇതിന് ഇത്ര ദിവസം പോരല്ലോ. സ്‌ക്രിപ്റ്റിന്റെ തൂക്കം നോക്കി ദിവസം കണക്കാക്കും. അത് കൃത്യവുമായിരിക്കും. ആ ഒരു കൃത്യതയാണ് ഇന്നത്തെ തലമുറയില്‍ പൃഥ്വിരാജിന് കിട്ടിയിട്ടുളളത്.'
'കൈലിയും ഷര്‍ട്ടുമായിരുന്നു ഞാന്‍ കണ്ടിട്ടുളള സുകുമാരന്റെ വേഷം. സെറ്റിലേയ്ക്ക് വരുന്നതും പോകുന്നതും ആ വേഷത്തിലാണ്. ഇടയ്ക്കുളള വേഷം മൊത്തം പടത്തിലെ കഥാപാത്രത്തിന്റേതാണ്. ഡബ്ബിങിന് വരുമ്പോള്‍ ഒരു ഗുസ്തി ചെയ്യാന്‍ വരുന്ന ആളിന്റെ മനോഭാവമാണ്. അവിടെ ചെന്നിരുന്നാല്‍ ആദ്യം ഷര്‍ട്ട് ഊരി മാറ്റി ഇടും. കസേരേല്‍ മൈക്കിന്റെ മുന്നില്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആ ഡബ്ബിങ് തീര്‍ത്തേ എഴുന്നേക്കൂ. സുകുമാരന് സുകുമാരന്റേതായിട്ടുളള പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു, മലയാളത്തില്‍ ഇത്രയും വേഗത്തില്‍ ഡബ്ബ് ചെയ്യുന്ന അഞ്ചു കലാകാരന്മാരില്‍ ഒരാളായിരിക്കും സുകുമാരന്‍.' ബാലചന്ദ്രമേനോന്‍ പറയുന്നു.
താനെഴുതിയ ഡയലോഗുകളെല്ലാം ഉദ്ദേശിക്കുന്ന ഫലം സൃഷ്ടിച്ചുകൊണ്ട് ആളുകളിലേയ്‌ക്കെത്തിക്കാന്‍ സുകുമാരന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്നിലെ ഡയലോഗ് റൈറ്ററെ ആയിരുന്നു സുകുമാരന് ഏറ്റവും ഇഷ്ടമെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.