Film Talks

'പതിനഞ്ച് വയസുമുതല്‍ അഭിനയിക്കുന്നതാണ്, എനിക്കിതല്ലാതെ വേറൊന്നുമറിയില്ല'; സിനിമയിലേക്കുള്ള മടക്കത്തില്‍ ഭാവന

അഭിനയം എന്ന പ്രൊഫഷനോടുള്ള താത്പര്യമാണ് തന്നെ വീണ്ടും സിനിമയിലേക്ക് എത്തിച്ചതെന്ന് നടി ഭാവന. പതിനഞ്ച് വയസ് മുതല്‍ ഇന്‍ഡസ്ട്രിയിലുള്ള തനിക്ക് ഒരിക്കല്‍പോലും മറ്റൊരു പ്രൊഫഷനിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, പേഴ്‌സണല്‍ ട്രാജഡിയില്‍ നിന്നൊരു തിരിച്ചുവരവ് എന്നതിലുപരി ജോലിയോടുള്ള ഇഷ്ടത്തിന് മേലാണ് അഞ്ചുവര്‍ഷത്തിന് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയുള്ള മടക്കമെന്നും ഭാവന പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.

ഭാവനയുടെ വാക്കുകള്‍:

എനിക്ക് ഇഷ്ടമുള്ള തൊഴിലാണ് അഭിനയം, ആ ഒരിഷ്ടമില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും തിരിച്ചുവരില്ലായിരുന്നു. എനിക്ക് ആ പേഴ്‌സണല്‍ ട്രാജഡിയുണ്ടായില്ലായിരുന്നു എങ്കിലും അതാകുമായിരുന്നു എന്റെ തീരുമാനം. എനിക്ക് അറിയാവുന്നവര്‍ തന്നെ, എത്രയോപേര്‍ ഒരു ഘട്ടത്തില്‍ ഇനി സിനിമ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞുപോകുന്നു. അവര്‍ക്ക് ആ ഇഷ്ടമില്ലാതാകുമ്പോഴാണ് പോകുന്നത്. ആ തീരുമാനത്തില്‍ അവര്‍ ഹാപ്പിയാണ്. പക്ഷേ എന്റെ താത്പര്യം അഭിനയത്തിലാണെന്ന് ഞാന്‍ ഇക്കാലംകൊണ്ട് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് എന്റെ മടക്കം.

വീട്ടിലിരുന്ന കുറച്ചുകാലം അടുത്തതെന്ത് എന്നായിരുന്നു മനസില്‍, പതിനഞ്ച് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയതാണ്. എനിക്കിതല്ലാതെ വേറൊന്നുമറിയില്ല. ചെറിയ കുട്ടിയായിരുന്നപ്പോഴേ ഒരു സിനിമാ നടിയാകണം, അഭിനയിക്കണം എന്നൊക്കെയായിരുന്നു ഉള്ളില്‍. ഒരിക്കല്‍പോലും മറ്റൊരു പ്രൊഫഷനിലേക്ക് പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് സിനിമയിലേക്ക് വന്നത്, സിനിമകള്‍ ചെയ്തുകൊണ്ടിരിക്കെയാണ് പ്ലസ് ടു കംപ്ലീറ്റ് ചെയ്തത്. അതിനുശേഷം പഠിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും ജോലിക്ക് പോകാനുള്ള വിദ്യാഭ്യാസവും എനിക്കില്ല. അതെല്ലാം ഈ തീരുമാനത്തില്‍ ഘടകമാണ്.

എല്ലാവരുടെയും വ്യക്തി ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ട്രാജഡിയുണ്ടായിട്ടുണ്ടാകും. ഓരോ ആക്ടേഴ്സിനും അവരുടേതായ പേഴ്സണല്‍ ട്രാജഡികളുണ്ട്. അതുകൊണ്ടവര്‍ ജോലി ചെയ്യാതിരിക്കുന്നില്ലല്ലോ. അതുപോലെ എന്റെ വ്യക്തിജീവിതത്തിലാണ് ഒരു ട്രാജഡിയുണ്ടായത്. എന്റെ ജീവിതത്തിലുണ്ടായ കാര്യം പുറത്തുവന്നതുകൊണ്ടും ഇത്രയധികം മീഡിയാ കവറേജുണ്ടായതുകൊണ്ടുമാണ് അതിന്റെ പ്രാധാന്യം ശ്രദ്ധിക്കപ്പെത്. അതിനെയൊരിക്കലും ഞാനെന്റെ പ്രൊഫഷനുമായി കൂട്ടികുഴയ്ക്കില്ല.

ഐഎഫ്എഫ്കെ വേദിയില്‍ വന്നതുള്‍പ്പടെയുള്ള ഒന്നും ഒരു എക്സാംപിള്‍ സെറ്റ് ചെയ്യണമെന്ന മനഃപൂര്‍വ്വമായ ഉദ്ദേശത്തോടെ ചെയ്തതതുമല്ല. രഞ്ജിത് സാര്‍ വിളിച്ചപ്പോള്‍ ആദ്യം മനസില്‍ ഒരു ആശയക്കുഴപ്പമായിരുന്നു. വന്നാല്‍ നന്നായിരിക്കുമെന്ന് സാര്‍ പറഞ്ഞു. അങ്ങനെയാണ് ആ വേദിയിലെത്തുന്നത്. അല്ലാതെ പ്ലാന്‍ ചെയ്‌തൊരുക്കിയ സന്ദര്‍ഭമായിരുന്നില്ല അത്. ബര്‍ക്കാ ദത്തുമായുള്ള അഭിമുഖമോ, ഈ സിനിമയോ പോലും ഞാനിത് ചെയ്ത് കാണിച്ചുകൊടുക്കണമെന്ന് കരുതി ഇന്റന്‍ഷണലി ചെയ്തതല്ല.

എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു എന്നുമാത്രം. ഒരുപാട് ചിന്തിച്ച് തീരുമാനമെടുക്കുന്ന ആളൊന്നുമല്ല ഞാന്‍. അങ്ങനെയായിരുന്നെങ്കില്‍ ഈ സിനിമ എനിക്ക് നേരത്തെ ചെയ്യാമായിരുന്നു. അഞ്ചുവര്‍ഷം ഞാനൊരു പ്രോജക്ടും ചെയ്തിട്ടില്ല. ഈ സിനിമ തന്നെ അവസാന നിമിഷം എനിക്ക് ഇഷ്ടപ്പെട്ടു എന്നാല്‍ ചെയ്യാം എന്ന നിലയില്‍ ചെയ്തതാണ്. തന്റെ പ്രൊഫഷേനാതായിരുന്നാലും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കുമായിരുന്നു എന്നും ഭാവന പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം:

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT