Film Talks

'അത്ഭുതപ്പെടുത്തിയത് ശ്രീലാലിന്റെ മനോധൈര്യം'; കൈകുത്തി നടന്നുവന്ന് കഥ പറഞ്ഞ സംവിധായകനെ കുറിച്ച് ബാദുഷ

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'സ്പ്രിങ്ങി'ന്റെ സംവിധായകനെ കുറിച്ച് നിര്‍മ്മാതാവ് ബാദുഷ. സംവിധായകന്‍ ശ്രീലാലിന്റെ മനോധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും, അദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് നിമിത്തമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

80 ശതമാനം ശാരീരിക വൈകല്യം ബാധിച്ചയാളാണ് ശ്രീലാല്‍. തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് ശ്രീലാല്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ബാദുഷ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഇത് ശ്രീലാല്‍, ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നമ്മള്‍ ഇന്നലെ അനൗണ്‍സ് ചെയ്ത രണ്ടാമത്തെ ചിത്രമായ സ്പ്രിങ് എന്ന സിനിമയുടെ സംവിധായകനും രചയിതാവുമാണ്.

ശ്രീലാലിനെ എനിക്ക് മുന്‍പരിചയമൊന്നുമില്ല. ഇടയ്ക്ക് എവിടെയൊക്കെയോ വച്ച് കണ്ടിട്ടുണ്ട് എന്നു മാത്രം.

80 ശതമാനത്തോളം ശാരീരിക വൈകല്യം ബാധിച്ചയാളാണ് ശ്രീലാല്‍. ഒരു ദിവസം ശ്രീലാലിന്റെ ഒരു കോള്‍. എന്നെ ഒന്നു കാണണം, ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാന്‍ വരാന്‍ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് എന്റെ വീട്ടുമുറ്റത്ത് ഒരു കാര്‍ വന്നു നിര്‍ത്തി. അതില്‍ നിന്ന് ശ്രീലാല്‍ ഇറങ്ങി, അദ്ദേഹം കൈ കുത്തി നടന്നു വരുന്നു. ഞാന്‍ ശ്രീലാലിന്റെ അരികിലെത്തി. കൈയില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. കൈ കുത്തി ശ്രീലാല്‍ വീട്ടിലേക്ക് കടന്നു വന്നു, സോഫയിലിരുന്നു.

എന്നിട്ട് എന്നാേട് സംസാരിച്ചു. ' ഞാന്‍ ഏഴെട്ടു വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. അത്യാവശ്യം ആഡ് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്റെ കൈയില്‍ ഒരു സബ്ജക്ട് ഉണ്ട്. അത് ഇക്കയോടൊന്നു പറയാനാണ് ഞാന്‍ വന്നത് '. 10 മിനിറ്റ് കൊണ്ട് ശ്രീലാല്‍ ഒരു കഥ പറഞ്ഞു.

കഥ കേട്ട് ഞാന്‍ ശ്രീലാലിനോട് പറഞ്ഞു. കഥ വളരെ നന്നായിട്ടുണ്ട്. എന്നാല്‍ വലിയ താരങ്ങളിലേക്ക് പോകേണ്ട ഒരു പടമല്ല ഇത്., ഒരു കൊച്ചു പടം. അതുപോലെ തന്നെയാണ് ശ്രീലാല്‍ കഥയെഴുതിയിരിക്കുന്നതും. വലിയ സാമ്പത്തിക ചെലവില്ലാതെ തീര്‍ക്കാവുന്ന ഒരു കൊച്ചു പടമായി ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീട് സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീണ്ടു. Star എന്ന സിനിമ ചോറ്റാനിക്കരയില്‍ നടക്കുമ്പോള്‍ ശ്രീലാല്‍ അവിടെയെത്തി.

കാസ്റ്റിങ് കാര്യങ്ങളൊക്കെ സംസാരിച്ചു. കുറെ യുവതാരങ്ങളുടെ അടുത്ത് ശ്രീലാലിനെ വിട്ട് കഥ പറയിപ്പിച്ചുവെങ്കിലും പലരും ആ സബ് ജക്ടിലോ, അതോ സബ് ജക്ട് പറയാനെത്തിയ ആളിലോ ആകൃഷ്ടരായില്ല. ഇതോടെ ശ്രീലാല്‍ തന്നെ പറഞ്ഞു, ഇക്ക നമുക്ക് പുതിയയാള്‍ക്കാരെ വച്ച് ചെയ്യിക്കാം എന്ന്.. എനിക്ക് ഈ സബ്ജക്ടില്‍ വലിയ വിശ്വാസമുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അതും ഉദ്ദേശിച്ച പോലെ ശരിയായില്ല. അങ്ങനെയാണ് ഇപ്പോഴത്തെ കാസ്റ്റിങ്ങായ ആദിലും ആരാധ്യയും എത്തുന്നത്.

അങ്ങനെ ആ സിനിമ യാഥാര്‍ഥ്യമാവുകയാണ്. അടുത്ത മാസം സ്പ്രിങ് എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്.

എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തുന്നത് ശ്രീലാലിന്റെ മനോധൈര്യമാണ്. തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് ശ്രീലാല്‍ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണ്. എത്ര ഊര്‍ജസ്വലനായാണ് അദ്ദേഹം ഓടി നടക്കുന്നത്.

ഇന്നും എന്നെ വന്നു കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്കൊരു ഫോട്ടോയെടുക്കാമെന്ന്. ആ ചിത്രമാണിത്. ശ്രീലാലിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു നിമിത്തമാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ട്. സിനിമ വലിയൊരു വിജയമാകാന്‍ പ്രാര്‍ഥിക്കുന്നു. കൂടെയുണ്ടാവണം.'

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT