സിന്റോ സണ്ണി സംവിധാനം ചെയ്ത് സെെജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു മുഴുനീളൻ കോമഡി ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ് എന്ന് നടി ദർശന സുദർശൻ. ആദ്യ സിനിമ റീലിസായപ്പോഴുള്ള ടെൻഷൻ ഇപ്പോഴില്ലെന്നും ഒരു സാധാരണ പ്രേക്ഷകയെപ്പോലെയാണ് താൻ സിനിമയുടെ കഥ കേട്ടതെന്നും ദർശന പറഞ്ഞു. കേട്ട ഉടൻ തന്നെ കഥ ഇഷ്ടപ്പെട്ടെന്നും ദർശന കൂട്ടിച്ചേർത്തു. ചിത്രത്തിൽ സെെജു കുറുപ്പിന്റെ കഥാപാത്രമായ പാപ്പച്ചന്റെ മുൻ കാമുകിയായാണ് ദർശന എത്തുന്നത്. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.
ദർശന പറഞ്ഞത് :
ഈ സിനിമ ആളുകൾ കാണണം എന്ന് എനിക്കുണ്ട്. മറ്റൊന്നുമല്ല ആദ്യമായി ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഇതിലെ കുറെ കോമഡി സീൻസ് കേട്ട് ഞാൻ ചിരിച്ചതാണ്. ഞാൻ കഥ കേൾക്കുന്നത് ഒരു സാധാരണ പ്രേക്ഷകനെപ്പോലെയാണ്. കേൾക്കുന്ന സമയത്ത് ഈ കഥാപാത്രം ഞാൻ ചെയ്യണം എന്നൊന്നും ഡിസെെഡ് ചെയ്യില്ല, കഥ കേൾക്കുമ്പോൾ ജസ്റ്റ് കേൾക്കുക മാത്രമാണ്. കേട്ടപ്പോൾ തന്നെ ഇഷ്ടം തോന്നി. കേൾക്കുന്ന എല്ലാ കഥകളൊന്നും ഞാൻ അച്ഛനോടും അമ്മയോടും പറയാറില്ല, പക്ഷേ കോമഡി ആണെങ്കിൽ നമ്മൾ പറയുമല്ലോ? ഫ്രണ്ട്സിനോടൊക്കെ ചെറിയ ചെറിയ കോമഡി സീൻസ് ഒക്കെ പറഞ്ഞിട്ടുണ്ട്. എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്ക്രീനിൽ വരുമ്പോൾ പ്രേക്ഷകർക്ക് അത് ആസ്വദിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
ക്രൈസ്തവ സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാ പോത്ത് പാപ്പച്ചൻ എന്നറിയപ്പെടുന്ന പാപ്പച്ചൻ എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതത്തിലെ സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.