ആട്ടം എന്ന സിനിമയ്ക്ക് സംഭാഷണമെഴുതുക എന്നത് അത്ര എളുപ്പമായിരുന്നില്ല എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ആനന്ദ് ഏകർഷി. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച് വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആട്ടം. ഒരേ സമയം പന്ത്രണ്ട് കഥാപാത്രങ്ങളായി പെരുമാറുകയും അവരുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട് ചിന്തിക്കേണ്ടിയും വരുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ആനന്ദ് പറയുന്നു. ആട്ടം എന്ന സിനിമയെ താൻ ആദ്യം കൺസീവ് ചെയ്തിരുന്നത് ഒരു ആക്ഷൻ സിനിമയായാട്ടാണ് എന്നും ആനന്ദ് പറയുന്നു. ആക്ഷനുകളില്ലാത്ത എന്നാൽ സംഭാഷണങ്ങളിലൂടെ കഥയെ ഇൻട്രസ്റ്റിംഗ് ആക്കുക എന്നതായിരുന്നു ഉദ്ദേശം എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആനന്ദ് ഏകർഷി പറഞ്ഞു.
ആനന്ദ് ഏകർഷി പറഞ്ഞത്:
ആട്ടം എന്ന സിനിമയ്ക്ക് സംഭാഷണം എഴുതുക എളുപ്പമായിരുന്നില്ല, ഒരേ സമയം നമ്മൾ പന്ത്രണ്ട് പേരായിട്ട് പെരുമാറണം, ആലോചിക്കണം, അവർ എന്ത് പെരുമാറുന്നുവോ അത് അവർക്ക് സത്യസന്ധമായിരിക്കുമല്ലോ? ഞാൻ തെറ്റാണ് എന്ന് വിചാരിച്ച് അല്ലല്ലോ അവർ പെരുമാറുന്നത്, അതുകൊണ്ട് തന്നെ അവരുടെ ഭാഗത്ത് നിന്നും ചിന്തിക്കണം അവരായിട്ട് മാറണം. ഒരു ദിവസം പന്ത്രണ്ട് പേരായി ചിന്തിക്കുമ്പോൾ നമുക്ക് ചില കോൺഫ്ലിക്ടുകൾ ഉണ്ടാകുമല്ലോ? പിന്നെ ടെക്നിക്കൽ പ്രശ്നമുണ്ട്, ഇവരെയെല്ലാം ഓർത്തിരിക്കണം. ഞാൻ മതിലിൽ ഇവരുടെ ഫോട്ടോ ഒട്ടിച്ചു വച്ചിരുന്നു ഇതിന് വേണ്ടി. ഒരാൾ എത്ര നേരമായി ഡയലോഗ് പറഞ്ഞിട്ട്, ഒരാൾ സീനിൽ പങ്കെടുത്തിട്ട് എത്രനേരമായി ഇതൊന്നും വിട്ടു പോകാൻ പാടില്ല. അതൊക്കെ വലിയ വെല്ലുവിളിയായിരുന്നു. പിന്നെ ഈ സിനിമയെ ഞാൻ ആദ്യമേ കൺസീവ് ചെയ്തിരിക്കുന്നത് എങ്ങനെ ഒരു ആക്ഷൻ സിനിമ ആക്ഷനില്ലാതെ ചെയ്യാം എന്നതാണ്. അടിയൊന്നുമില്ലാത്തൊരു അടി പടം. വാക്കുകൾ കൊണ്ട് സംഭാഷണങ്ങൾ കൊണ്ട് എങ്ങനെ വളരെ ഇൻട്രസ്റ്റിംങ്ങായിട്ടും വളരെ എൻഗേജിംങ്ങായിട്ടും ഇത് ചെയ്യാം എന്നാണ്. പന്ത്രണ്ട് ആളുകൾക്കും പന്ത്രണ്ട് വ്യക്തിത്വം ഉണ്ടെങ്കിൽ പന്ത്രണ്ട് ആളുകൾക്കും പന്ത്രണ്ട് പോയിന്റുകൾ ഉണ്ടെങ്കിൽ പന്ത്രണ്ട് പോയിന്റും പന്ത്രണ്ട് കാഴ്ചപ്പാടും റെലവന്റ് ആണെങ്കിൽ എങ്ങനെ അത് കുറേക്കൂടി രസകരമാകും എന്നതായിരുന്നു അതിന്റെ അടിസ്ഥാന ചിന്ത.
ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ ഡോ. അജിത് ജോയ് നിർമ്മിച്ച ഒരു ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ആട്ടം. 2 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം. അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുകയും തുടർന്ന് ആ ക്രൈമിനെക്കുറിച്ചുള്ള ഇൻവെസ്റ്റിഗേഷനുമാണ് ആട്ടത്തിന്റെ ഇതിവൃത്തം. 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.' 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ചിത്രം നേടിയിരുന്നു.