തനിക്കും മകള്‍ക്കുമെതിരെ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ ഗായിക അമൃത സുരേഷ്. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളം എന്ന യൂട്യൂബ് ചാനല്‍ തന്റെ മകള്‍ക്ക് കൊവിഡാണെന്ന് വ്യാജവാര്‍ത്ത നല്‍കിയതായും അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിക്കുന്നു
മകള്‍ അവന്തികയെ അച്ഛന്‍ ബാലയ്ക്ക് കാണാന്‍ അവസരം നല്‍കുന്നില്ലെന്നും അവന്തികയ്ക്ക് കോവിഡ് ആണെന്നുമായിരുന്നു ഇന്ത്യഗ്ലിറ്റ് വാര്‍ത്ത. കേവലം എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെക്കുറിച്ച് ഇത്തരമൊരു പ്രചരണം നടത്തിയത് അമ്മയ എന്ന നിലക്ക് സഹിക്കാനാകാത്തതാണെന്നും അമൃത സുരേഷ്. മുമ്പും തനിക്കെതിരെ ആസൂത്രിതമായി വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമൃത സുരേഷ്. കൊവിഡ് പോസിറ്റീവായി വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കോവിഡ് ഫലത്തിന് കാത്തിരിക്കുന്ന സമയത്താണ് മുന്‍ഭര്‍ത്താവ് ബാലയുടെ ഫോണ്‍ കോള്‍ വന്നത്. മകളെ കാണണം എന്നായിരുന്നു ബാലയുടെ ആവശ്യം. അപ്പോള്‍ താന്‍ പുറത്തായിരുന്നതിനാല്‍ വീട്ടില്‍ തന്റെ അമ്മയെ വിളിച്ചാല്‍ അറിയാമെന്നാണ് പറഞ്ഞതെന്ന് അമൃത. ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമായാണ് ഇന്ത്യാഗ്ലിറ്റ്‌സ് പുറത്തുവിട്ടതെന്നും അമൃത സുരേഷ്.
അമൃത സുരേഷ് വീഡിയോയില്‍ പറഞ്ഞത്
ഒരു പാട് സങ്കടത്തോടെയാണ് നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. വ്യക്തിപരമായ ഒരു കാര്യത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ലൈവ് വരുന്നത് ആദ്യമാണ്. ഇതിന് മുമ്പ് ഒരു പാട് ആരോപണങ്ങളും അപവാദങ്ങളും സ്വഭാവഹത്യയും മനപൂര്‍വം എനിക്കെതിരെ ഉണ്ടായിട്ടും ഇതുവരെ ഞാന്‍ പരസ്യമായി പ്രതികരിച്ചിരുന്നില്ല. എത്രയോ പ്രകോപനമുണ്ടായിട്ടും പ്രതികരിച്ചിട്ടില്ല. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളം യൂട്യൂബ് ചാനലില്‍ ' മകളെ കാണാന്‍ സമ്മതിക്കുന്നില്ല, ബാല അമൃത സുരേഷ് ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്ത് എന്ന് പറഞ്ഞ് ഒരു സോ കോള്‍ഡ് ലീക്ക്ഡ് വീഡിയോ ഇന്നലെ റിലീസ് ചെയ്തിരുന്നു. ആ വീഡിയോയില്‍ ഇന്ത്യാഗ്ലിറ്റ്‌സ് പറഞ്ഞിരുന്നത് അവന്തികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്നാണ്. അവന്തിക പൂര്‍ണ ആരോഗ്യവതിയായി ദൈവാനുഗ്രഹം കൊണ്ട് ഒരു കുഴപ്പവുമില്ലാതെ ഇരിക്കുകയാണ്. മകള്‍ സന്തോഷമായി ഇരിക്കുകയാണ്. കൊവിഡ് ഘട്ടത്തില്‍ നമ്മളെല്ലാം ജീവന്‍ രക്ഷിക്കാനായി പരിശ്രമിക്കുകയാണ്. എട്ട് വയസുള്ള കുഞ്ഞുകുട്ടിയെപ്പറ്റി അവള്‍ക്ക് കൊവിഡ് എന്ന് പ്രചരിപ്പിക്കുന്നത് അമ്മ എന്ന നിലക്ക് സഹിക്കാന്‍ പറ്റാത്തതാണ്. ആ കുഞ്ഞിന്റെ മാനസിക അവസ്ഥ പോലും പരിഗണിക്കാതെയാണ് വാര്‍ത്ത. ആരാണ് ഇന്ത്യാഗ്ലിറ്റ്‌സില്‍ അവന്തികയ്കക് കൊവിഡ് എന്ന് സ്ഥിരീകരിച്ചത്. ഈ ഒരു ലീക്ക്ഡ് സംഭാഷണത്തില്‍ എവിടെയാണ് അവന്തികയ്ക്ക് കൊവിഡ് എന്ന് പറയുന്നത്. എന്ത് അടിസ്ഥാനത്തിലാണ് എന്റെ മകള്‍ക്ക് കൊവിഡ് എന്ന് എഴുതി വച്ചിരിക്കുന്നത്.
ഈ വീഡിയോയില്‍ ഉള്ള സംഭാഷണം ഞാനും മുന്‍ ഭര്‍ത്താവ് ബാലചേട്ടനുമായി ഉള്ളതാണ്. എനിക്ക് കൊവിഡ് പൊസിറ്റിവായി മകളുടെ അടുത്ത് നിന്ന് മാറിത്താമസിക്കുകയായിരുന്നു.