Film Talks

'ചതിക്കാത്ത ചന്തുവിന്' ശേഷം ഒരു വര്‍ഷത്തേക്ക് ആരും സംഗീതം ചെയ്യാന്‍ വിളിച്ചില്ല, രണ്ടാമത്തെ സിനിമയില്‍ ഒരു പാട്ട് മാത്രം: അലക്‌സ് പോള്‍

ചതിക്കാത്ത ചന്തു എന്ന സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റായിട്ടു പോലും തനിക്ക് ഒരു വര്‍ഷത്തേക്ക് സിനിമയില്‍ അവസരം ലഭിച്ചില്ലെന്ന് സംഗീത സംവിധായകന്‍ അലക്‌സ് പോള്‍. ആദ്യ സിനിമയിലെ പാട്ടുകള്‍ വിജയിച്ചത് ഭാഗ്യം കൊണ്ടാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടായിരിക്കാം. സിനിമയില്‍ അവസരം ചോദിച്ച് പോകുന്ന ആളല്ല താന്‍. രണ്ടാമത്തെ സിനിമയായ 'ബ്ലാക്ക്' എന്ന ചിത്രത്തില്‍ ഒരു പാട്ട് മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെയുള്ള സിനിമയിലെ പാട്ട് ഹിറ്റാക്കുക എന്നത് സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്‌സ് പോള്‍ പറഞ്ഞു.

അലക്‌സ് പോള്‍ പറഞ്ഞത്:

എന്റെ രണ്ടാമത്തെ സിനിമയായ ബ്ലാക്കില്‍ ഒരു പാട്ട് മാത്രമാണുള്ളത്. എന്നുമാത്രമല്ല ഒരു വര്‍ഷം കഴിഞ്ഞാണ് ആ സിനിമ വരുന്നത്. 'ചതിക്കാത്ത ചന്തു' സിനിമയിലെ എല്ലാ പാട്ടുകള്‍ ഹിറ്റായിട്ടു പോലും എനിക്ക് സിനിമകളൊന്നും വന്നില്ല. 'ചക്ക വീണ് മുയല് ചത്തു' എന്ന് ആളുകള്‍ കരുതിയതു കൊണ്ടാണോ എന്തോ സിനിമ വന്നില്ല. ഞാനാണെങ്കില്‍ അങ്ങോട്ട് പോയി സിനിമയില്‍ അവസരം ചോദിക്കുന്ന ആളല്ല. എന്റെ വീട്ടിലേക്ക് തന്നെ വരും എന്ന് വിശ്വസിച്ചാണിരുന്നത്. ഒരു സിനിമയും വന്നില്ല. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം ചെയ്യുന്ന 'ബ്ലാക്ക്' എന്ന സിനിമയുടെ നിര്‍മ്മാതാവും എന്റെ ചേട്ടന്‍ തന്നെയാണ്. ആദ്യത്തെ പടത്തിന്റെ നിര്‍മ്മാതാവും എന്റെ ചേട്ടന്‍ തന്നെയാണ്. രണ്ടാമത്തെ സിനിമയില്‍ സംവിധായകന്‍ മാറി എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരു പാട്ട് മാത്രം ചെയ്യുന്നതിന് കുറെ വെല്ലുവിളികളുണ്ട്. ഒരുപാട് പാട്ടുകളുള്ള സിനിമയില്‍ ഏതെങ്കിലും ഒന്ന് ഹിറ്റായാലും മതിയാകും. ഒരു പാട്ട് ചെയ്യുന്ന സിനിമയില്‍ അത് ഹിറ്റായില്ലങ്കില്‍ ചെയ്യുന്നതെല്ലാം വെറുതെയാകും. എന്നുവെച്ച് എനിക്ക് ടെന്‍ഷനോ ഒന്നും ഉണ്ടായിരുന്നില്ല. 'ചതിക്കാത്ത ചന്തു' സിനിമയെ സംബന്ധിച്ചിടത്തോളം സന്ദര്‍ഭത്തിനനുസരിച്ച് ഞാന്‍ ഉണ്ടാക്കുന്ന ഈണം അപ്പപ്പോള്‍ തന്നെ സംവിധായകന്‍ റാഫി ഓക്കേ പറഞ്ഞിരുന്നു. ഒരു സന്ദര്‍ഭത്തിന് രണ്ടാമതൊരു ഈണം കേള്‍പ്പിക്കേണ്ടി വന്നിട്ടില്ല. രണ്ടാമത്തെ സിനിമയിലേക്ക് വരുമ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടല്ലോ. എങ്ങനെയെങ്കിലും ഹിറ്റാവണമെന്ന് കരുതി ഒരു സന്ദര്‍ഭത്തിന് ഞാന്‍ കുറെ ഈണങ്ങള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. ആദ്യമായിട്ട് 'അമ്പലക്കര തെച്ചിക്കാവില്‍' എന്ന പാട്ടിന്റെ ഈണമാണ് ഞാന്‍ കേള്‍പ്പിച്ചത്. കേള്‍പ്പിച്ചപ്പോള്‍ തന്നെ രഞ്ജിത്ത് ഓക്കേ പറഞ്ഞു. വേറെ ട്യൂണ്‍ കേള്‍പ്പിക്കാം എന്ന് പറഞ്ഞിട്ടും രഞ്ജിത്തിന് ആ ഈണം തന്നെ മതിയായിരുന്നു.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT